സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്ന തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. സ്വര്‍ണക്കടത്തിന് സഹായിച്ചവരുടെ പേരുവിവരങ്ങള്‍ മൊഴിയിലുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരും വിശദാംശങ്ങളും മൊഴിയിലുണ്ടെന്നാണ് വിവരം.
അതേസമയം, സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച ഹാജരാക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയിന്മേൽ ഉത്തരവ് ആയി.
കസ്റ്റംസ്, എന്‍ ഐ എ എന്നിവരുടെ അന്വേഷണത്തിന് പിന്നാലെയാണ് സ്വര്‍ണക്കടത്തുകേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. സ്വര്‍ണക്കടത്തിലെ പണമിടപാടുകളെക്കുറിച്ചായിരിക്കും ഇവരുടെ അന്വേഷണം. പണത്തിന്റെ ഉറവിടം, കളളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാട് എന്നിവ അന്വേഷണത്തിന്റെ പരിധിയില്‍ ഉൾപ്പെടും. സ്വര്‍ണക്കടത്തിലെ ഭീകരബന്ധമാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുളള കളളക്കടത്തിനെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിച്ചുവരുന്നത്.