

യു എ ഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ സ്വപ്ന സുരേഷിനായി ലുക്ക് ഔട്ട് നോട്ടീസുമായി കസ്റ്റംസ് വകുപ്പ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഒളിവിലാണ് സ്വപ്ന സുരേഷ്. യു എ ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥ കൂടിയായ ഇവർ രാജ്യത്തിനു പുറത്തു കടക്കില്ലെന്ന് ഉറപ്പിക്കാനാണ് കസ്റ്റംസ് വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. നിലവിൽ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. ഒരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആയിരുന്നു പിടിഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്തിനാണ് സ്വപ്ന ഒളിവിൽ കഴിയുന്നതെന്നും ഒളിവിൽ കഴിയുന്നത് സ്വപ്നയെ കൂടുതൽ കുഴപ്പത്തിലാക്കുകയേ ചെയ്യൂവെന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് ചില റിപ്പോർട്ടുകൾ ലഭിച്ചതായും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ നാലു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്നയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും, സ്വപ്നയ്ക്കായി കസ്റ്റംസ് തിരച്ചിൽ തുടരുകയാണ്. സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടെന്നും അതല്ല തമിഴ്നാട്ടിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. മുൻകൂർ ജാമ്യം നേടുന്നതിന്റെ ഭാഗമായി സ്വപ്നയുമായി ബന്ധമുള്ളവർ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ ബന്ധപ്പെട്ടതായും റിപ്പോർട്ടുകൽ വന്നിട്ടുണ്ട്. സ്വർണകടത്ത് കേസ് പല ദിശകളിലേക്ക് നീങ്ങുമ്പോഴും മുഖ്യ ആസൂത്രിക സ്വപ്ന സുരേഷ് എവിടെയെന്ന് കണ്ടെത്താനാവാത്ത അവസ്ഥയാണുള്ളത്. അന്വേഷണത്തില്‍ കേരള പോലീസിന്‍റെ സഹായം വേണ്ടെന്നാണ് കസ്റ്റംസ് തീരുമാനം. യു. എ. ഇ കോൺസുൽ ജനറൽ ഔദ്യോഗിക ലെറ്റർ പാഡിൽ നൽകിയ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു സ്വപ്ന ഐടി വകുപ്പില്‍ ഉള്‍പ്പെടെ ജോലി തരപ്പെടുത്തിയത്.
നയതന്ത്ര ബാഗിൽ 30 കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ട് 3 ദിവസം പിന്നിടുന്നു. മുഖ്യ ആസൂത്രിക സ്വപ്നാ സുരേഷ് എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കി. തലസ്ഥാന നഗരി അരിച്ചുപെറുക്കി കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കോടതി മുഖാന്തരം കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഐ.ടി.വകുപ്പിലെ സ്വപ്നയുടെ നിയമനത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോഴും അതിനെ കുറിച്ച് അന്വേഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. കേവലം സ്വപ്നയെവിടെയാണെന്ന് അന്വേഷിക്കാൻ പോലും കേരള പോലീസിന് നിർദ്ദേശമില്ല. ഉയർന്ന പദവികൾ അലങ്കരിക്കുന്ന വേളയിലും സ്വപ്ന ബന്ധുക്കളുമായി അകന്നാണ് ജീവിച്ചിരുന്നത്.
Post Your Comments