പ്രതികളിലൊരാൾ സി ഐ ടി യു ക്കാരൻ,മറച്ചു വെക്കുന്നു. അടൂർ പ്രകാശ്

തിരുവോണനാളിൽ കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതക്കേസുമായി ബന്ധപ്പെട്ട പ്രതികളിലൊരാള്‍ സിഐടിയുക്കാരനാണെന്നും അത് മറച്ചുപിടിക്കാനുള്ള തന്ത്രമായാണ് നടക്കുന്നതെന്നും അടൂർ പ്രകാശ് എം പി. ഇരട്ട കൊലപാതക ത്തിനുശേഷം അക്രമികൾ ആദ്യം വിവരം അറിയിച്ചത് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിനെയാണെന്ന ആരോപണം നിഷേധിച്ചുകൊണ്ട് ഒരു ഓൺലൈൻ പ്രസിദ്ധീകരത്തോടു സംസാരിക്കവെയാണ് അടൂർപ്രകാശ് ഇങ്ങനെ പ്രതികരിച്ചത്. തനിക്കെതിരെ ഉണ്ടായ ആരോപണം തെളിയിക്കേണ്ട ബാധ്യത അത് ഉന്നയിച്ച മന്ത്രിക്കാണെന്ന് പറഞ്ഞ അടൂർ പ്രകാശ് പ്രതികളാരും തന്നെ വിളിച്ചിട്ടില്ലെന്നും പറയുകയുണ്ടായി.
‘ഈ കൊലക്കേസുമായി ബന്ധപ്പെട്ട പ്രതികളിലൊരാള്‍ സിഐടിയുക്കാരനാണ്. ഇത് മറച്ചുപിടിക്കാനുള്ള തന്ത്രമായാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും അന്വേഷണം നടക്കുകയാണല്ലോ. എന്നെപ്പറ്റി പറഞ്ഞ ആരോപണവും അന്വേഷിക്കട്ടെ. ഞാൻ പൊതുപ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായി. 23 വർഷം എംഎൽഎയായിരുന്നു. രണ്ടു പ്രാവശ്യം മന്ത്രിയായിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം ഇടപെടലൊന്നും ഇതുവരെ നടത്തിയിട്ടില്ല. അടൂർ പ്രകാശ് പറഞ്ഞു.
‘ഞാൻ പാർലമെന്റ് അംഗമായിട്ട് ഒന്നേകാൽ വർഷമായി. ഈ മണ്ഡലത്തിനു കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള ആളുകൾ വിളിക്കാറുണ്ട്. പാർട്ടിയുള്ളവരും അല്ലാത്തവരും വിളിക്കും. സിപിഎമ്മിന്റെ ആളുകൾ പോലും അവരുടെതായ ആവശ്യമുന്നയിച്ച് ഫോണിൽ വിളിക്കാറുണ്ട്. ആവശ്യങ്ങൾ ന്യായമെന്ന് തോന്നിയാൽ അതു ചെയ്തുകൊടുക്കേണ്ടത് എന്റെ ചുമതലയാണ്’
‘കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സഹായം ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. അത് മാർക്സിസ്റ്റ് പാർട്ടി ശീലിച്ചുവന്ന കാര്യമാണ്. അതിലേക്ക് കോൺഗ്രസിനെക്കൂടി വലിച്ചിഴയ്ക്കാനാണ് ശ്രമം. ഇപ്പോൾ എല്ലാ സൗകര്യങ്ങളും അവർക്കുണ്ടല്ലോ. ഭരണം അവരുടെ കയ്യിലാണ്. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് എന്നെ പ്രതികൾ വിളിച്ചിട്ടുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപണം ഉന്നയിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജനും പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിൽ ആനാവൂർ നാഗപ്പനും ഏറ്റെടുക്കുന്നതാകും നല്ലത്’ അടൂർ പ്രകാശ് പറഞ്ഞു.