Kerala NewsLatest NewsUncategorized

ലോറി ഡ്രൈവറെ പോലീസ് മർദിച്ച സംഭവം; നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ലോറി ഉടമകളും തൊഴിലാളികളും പണിമുടക്കിലേയ്ക്ക്

മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ ഡൗണിനിടെ ലോറി ഡ്രൈവറെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ലോറി ഉടമകളും തൊഴിലാളികളും പണിമുടക്കിലേയ്ക്ക്. ഡ്രൈവറെ റോഡിൽവച്ചും പോലീസ്റ്റേഷനിൽ കൊണ്ടുപോയും മർദിച്ചെന്നാണ് പരാതി.

വയനാട് സ്വദേശി എൽദോയ്ക്കാണ് മലപ്പുറം വടക്കേമണ്ണയിൽ വച്ച് പോലീസ് മർദ്ദനമേറ്റത്. മഹാരാഷ്ട്രയിൽ നിന്ന് അരി കയറ്റിയ ലോറിയുമായി മലപ്പുറത്തേയ്ക്ക് വരുന്നതിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. പോലീസ് വാഹന പരിശോധന നടക്കുന്നതിനിടയിൽ ലോറി കുറച്ച് മുന്നോട്ട് കയറ്റി നിർത്തിയതാണ് തുടക്കം. ഇതിൻറെ പേരിൽ പോലീസ് ലോറി ഡ്രൈവറേയും ക്ലീനറേയും വഴക്ക് പറഞ്ഞു.

പിന്നീട് വാഹനം കടത്തിവിട്ടു. ലോറി പോകുന്നതിനിടയിൽ എൽദോ അസഭ്യം പറഞ്ഞെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടർന്ന് എൽദോയെ പോലീസ് ലോറിയിൽ നിന്ന് ബലമായി ഇറക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. റോഡിൽവച്ച് മർദ്ദിച്ചെന്നും സ്റ്റേഷനിൽ മുട്ടുകുത്തി നിർത്തിച്ചെന്നും ലോറി ഉടമകൾ പരാതിപെട്ടു.

മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപെട്ട് ലോറി ഉടമകളും തൊഴിലാളികളും വീടുകളിൽ കുടുംബസമേതം പ്രതിഷേധിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ സർവീസ് നിർത്തിവച്ച് സമരത്തിലേക്കിറങ്ങാനാണ് ലോറി ഉടമകളുടേയും തൊഴിലാളികളുടേയും തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button