ഇടതുപക്ഷത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ലീഗ്; അധിക സീറ്റ് ആവശ്യപ്പെടില്ല, വിട്ടുവീഴ്ച

തിരുവനന്തപുരം: ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ മത്സരിച്ച് ജയിക്കട്ടെ എന്ന നിലപാടാണ് ലീഗിന്. ലീഗ് കോണ്‍ഗ്രസ് ബന്ധത്തിനെതിരെ സി പി എമ്മിന്റെ പ്രചാരണം കടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുപ്പതോളം സീറ്റുകളെന്ന നീക്കത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്മാറുന്നതായി സൂചന. അധികം സീറ്റുകളുടെ കാര്യത്തില്‍ ബലം പിടിക്കേണ്ടയെന്നാണ് ലീഗ് നിലപാട്. മറ്റ് പാര്‍ട്ടികളുടെ വിലപേശല്‍ കുറയ്ക്കാനുളള തന്ത്രം കൂടിയാണിതെന്നാണ് വിലയിരുത്തല്‍.
സംഘടനാപരമായി ദൗര്‍ബല്യം നേരിടുന്ന കോണ്‍ഗ്രസിനെ ജയിപ്പിക്കാനാണ് ലീഗിന്റെ ഇത്തവണത്തെ ശ്രമം മുഴുവന്‍. ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയതോടെ ലീഗ് നേതൃത്വം ആവേശത്തിലാണ്. ഉമ്മന്‍ ചാണ്ടി തിരിച്ചുവന്നത് ലീഗുമായുളള സീറ്റ് വിഭജന ചര്‍ച്ചയും എളുപ്പത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ചേലക്കരയും ഇരവിപുരവും അധിക സീറ്റായി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പോരെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൂത്തുപറമ്പ് കൂടി നല്‍കാനാണ് സാദ്ധ്യത. കൂത്തുപറമ്പില്‍ കെ കെ ശൈലജയ്ക്കെതിരെ ലീഗ് മത്സരിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുളളത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ആറ് സീറ്റുകളാണ് ലീഗ് അധികമായി ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞത് രണ്ട് സീറ്റ് മാത്രമാണ്. നിലവില്‍ ആറ് സീറ്റ് എന്ന ആവശ്യത്തില്‍ അധികം കടുപ്പിക്കേണ്ടെന്നാണ് ലീഗിന്റെ തീരുമാനം. ഇടതുപ്രചാരണം തുടരുന്ന സാഹചര്യത്തില്‍ അത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നാണ് ലീഗ് കണക്കുകൂട്ടല്‍. ഇക്കാര്യം കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ തമ്മില്‍ ഇതിനോടകം ആശയവിനിമയം നടത്തിയിട്ടുണ്ട്.
ലീഗില്‍ നിന്ന് ഗുരുവായൂര്‍ പോലുളള ചില സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒത്തുതീര്‍പ്പ് ഫോര്‍മുല ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഗുരുവായൂരിന് പകരം തവനൂരോ മത്സരസാദ്ധ്യതയുളള മറ്റേതെങ്കിലും സീറ്റോ പകരം നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. രണ്ട് സീറ്റ് കിട്ടിയാല്‍ പോലും കൂടുതല്‍ കടുപ്പിക്കേണ്ടെന്നാണ് ലീഗ് തീരുമാനം. അഴീക്കോടിന് പകരം കണ്ണൂരും ബാലുശ്ശേരിക്ക് പകരം കുന്ദമംഗലവും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കുന്ദമംഗലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. തിരുവമ്പാടി കൈവിട്ടൊരു കളിയില്ലെന്ന് ലീഗ് നിലപാടെടുത്തു. അതേസമയം, ഈ സീറ്റ് ജോസഫ് പക്ഷവുമായി വച്ചുമാറുമോ എന്ന് ലീഗ് വ്യക്തമാക്കിയിട്ടില്ല. ലീഗ് മത്സരിച്ചിരുന്ന കുന്ദമംഗലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. പകരം ബാലുശ്ശേരിയാണ് നല്‍കിയത്. രണ്ടിടത്തും യു ഡി എഫ് തോറ്റു. ഇത്തവണ ആ പരീക്ഷണം വേണ്ടെന്ന് ലീഗ് പറയുന്നു. ജനതാദള്‍ മത്സരിച്ച വടകരയും കേരള കോണ്‍ഗ്രസ് മത്സരിച്ച പേരാമ്ബ്രയും കൂടി കോഴിക്കോട് ജില്ലയില്‍ ലീഗ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വടകരയില്‍ ആര്‍ എം പി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചാല്‍ ലീഗ് ആ സീറ്റിനായി വാദിക്കില്ല.
പി കെ ഫിറോസും സി കെ സുബൈറും നജീബ് കാന്തപുരവും അടക്കമുളള യൂത്ത് ലീഗിന്റെ മുന്‍നിര പോരാളികളെയും ഇത്തവണ ഇറക്കും. കേരള കോണ്‍ഗ്രസിന്റെ സീറ്റ് നിശ്ചയിച്ച ശേഷമേ ബാക്കിയുളളവരുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കൂ. ജോസഫിന് ഒമ്ബത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ പതിമൂന്ന് സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് വിഭാഗം.