75-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര്യദിനത്തില്‍ നൂറ് ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വരും ദിവസങ്ങളില്‍ പി.എം ഗതിശക്തി പദ്ധതി ആരംഭിക്കും. പ്രദേശിക നിര്‍മാതാക്കളെ ആഗോളതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തരാക്കുന്നതാകും ഗതി ശക്തി പദ്ധതി. ഭാവിയില്‍ സാമ്പത്തിക മേഖലകളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. യുവാക്കള്‍ക്ക് തൊഴിലിനോടൊപ്പം അടിസ്ഥാന വികസനവും സാധ്യമാകും. 100 ലക്ഷം കോടിയുടെ പദ്ധതിയിലൂടെ സമഗ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പിലാക്കും. കൂടാതെ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുത്തതിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി 7.30 ഓടെ ദേശീയ പതാക ഉയര്‍ത്തി. ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞ് സ്വാതന്ത്ര്യ പോരാളികളെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.