മുൾമുനയിൽ 11 മണിക്കൂർ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു.

കൊച്ചി/ തിരുവന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു അനധികൃതമായി സംസ്ഥാനത്ത് വിതരണം ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ പതിനൊന്നു മണിക്കൂർ സമയം ശിവശങ്കറെ ചോദ്യം ചെയ്യുകയുണ്ടായി. ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി വിതരണം ചെയ്തതിൽ നടന്ന ചട്ടലംഘനം സ്ഥിരീകരിക്കാനാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്. കോണ്‍സുലേറ്റ് ജനറലിന്‍റെ പേരിലെത്തിയ ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് പദ്ധതിയിടുകയായിരുന്നു. 2017 മേയ് 26ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴി നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വാക്കാല്‍ പറഞ്ഞതനുസരിച്ചാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അനുപമ മൊഴിനൽകിയിരുന്നതാണ്. ഈന്തപ്പഴ വിതരണത്തിൽ സ്വപ്ന, ശിവശങ്കരൻ ബന്ധമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.