മാഹിയില്‍ മള്‍ട്ടി സ്പെഷാലിറ്റി ടെലി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
മാഹി: മാഹി മെഡിക്കല്‍ ആന്‍ഡ് ഡയഗ്നസ്റ്റിക് സെന്ററുമായി ചേര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഹോസ്പിറ്റലിന്റെ മള്‍ട്ടി സ്പെഷാലിറ്റി ടെലിക്ലിനിക് പുതുച്ചേരി സാമൂഹ്യക്ഷേമ മന്ത്രി സി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രി സേവനങ്ങള്‍ക്ക് പുറമെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ സേവനങ്ങള്‍ക്ക് മാഹിയില്‍ തന്നെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന എംഎംസിയുടെ പ്രവര്‍ത്തനങ്ങളും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും സേവനങ്ങളും ഏറെ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു.
ചെന്നൈ അപ്പോളോയിലെ വിദഗ്ധരും പരിചയ സമ്പന്നരുമായ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ രോഗവിവരങ്ങള്‍ പറയാനും അവര്‍ ആവശ്യപ്പെടുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചശേഷം ചികിത്സ തേടാനുമുള്ള സംവിധാനം മാഹി എംഎംസിയില്‍ ഒരുക്കാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് എംഎംസി ചെയര്മാന് മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു.
അപ്പോളോ ഗ്രൂപ്പിലെ എല്ലാ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും സേവനം ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ലഭ്യമായിരിക്കുമെന്നും മന്‍സൂര്‍ പറഞ്ഞു. ചടങ്ങില്‍ പാരാമെഡിക്കല്‍ സ്റ്റാഫിന് മന്ത്രി കോട്ട് കൈമാറി. സോമന് പന്തക്കല്‍ സ്വാഗതം പറഞ്ഞു. സി.എ. സെമ്മൂട്ടി മന്ത്രിയെ ആദരിച്ചു. ഡോ. കെ.പി. ഷര്‍മിന ചടങ്ങുകള്‍ നിയന്ത്രിച്ചു. അപ്പോളോ ടെലി മെഡിസിന് വൈസ് പ്രസിഡന്റ് പ്രേം ആനന്ദ്, എ.പി. മുനീര്‍ സംസാരിച്ചു. നിഷ വിനോദ് നന്ദി പറഞ്ഞു.