Kerala NewsLatest NewsNews

മരിക്കാനുറച്ച വര്‍ഷ ബോധരഹിതയായി,മകനും ഇളയമ്മയും പിന്നാലെ ഐസ്‌ക്രീം കഴിച്ചു;യുവതിയും മരണത്തിന് കീഴടങ്ങി

കാസര്‍കോഡ്: വിഷം കലര്‍ത്തിയ ഐസ്ക്രീം അബദ്ധത്തില്‍ കഴിച്ച്‌ ചികിത്സയിലിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി. കാഞ്ഞങ്ങാട്ട് വസന്തന്‍-സാജിത ദമ്ബതികളുടെ മകള്‍ ദൃശ്യ (19) ആണ് മരിച്ചത്. ഇവരുടെ മൂത്ത സഹോദരി വര്‍ഷയുടെ മകന്‍ അ‍ഞ്ചുവയസുകാരനായ അദ്വൈത് നേരത്തെ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്ത വര്‍ഷയാണ് ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തിയത്. അല്‍പം കഴിച്ചപ്പോഴേക്കും ഇവര്‍ മയങ്ങിപ്പോയി.

ഇതറിയാതെ മേശപ്പുറത്ത് ഐസ്ക്രീം കണ്ട് ഇവരുടെ മകന്‍ അദ്വൈതും അത് കഴിച്ചു. ഒപ്പം രണ്ടുവയസുകാരിയായ സഹോദരിക്കും ഇളയമ്മയായ ദൃശ്യക്കും നല്‍കി. രാത്രിയോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. എലിവിഷം ഉള്ളില്‍ച്ചെന്നിട്ടും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിന്‍റെ പ്രശ്നമാകും എന്നു കരുതി വര്‍ഷ ഇത് ഗൗരവമായെടുത്തില്ല. എന്നാല്‍ പുലരും വരെ ഛര്‍ദി തുടര്‍ന്ന് കുട്ടി അവശനായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. അധികം വൈകാതെ അദ്വൈത് മരിച്ചു. അന്ന് വൈകിട്ടോടെ രണ്ടു വയസുകാരിയായ മകള്‍ക്കും പിന്നാലെ ദൃശ്യക്കും ഛര്‍ദില്‍ ആരംഭിച്ചു. വര്‍ഷയും അവശനിലയിലായി. തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. –

വര്‍ഷയും ഇളയ മകളും സുഖം പ്രാപിച്ചെങ്കിലും ദൃശ്യയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ വര്‍ഷയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button