ഒരുമയുടെ വിജയം, പ്രകൃതി വാതക പൈപ്പ് ലൈൻ വികസനത്തിലേക്കുള്ള കുതിപ്പാകും.

കൊച്ചി/ കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്ലൈൻ പദ്ധതി യാഥാർഥ്യമായത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു തിലകക്കുറിആയിരിക്കുകയാണ്. കേരളത്തെയും കർണാടകയെയും ഈ മേഖലയാകെയും, ഒരു വികസന കുതിപ്പിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ കൊച്ചി- കൂറ്റനാട്- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ (എൽഎൻജി) ഉപകരിക്കുമെന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിന്റെ ലക്ഷ്യ പ്രാപ്തിക്കായി പ്രയത്നിച്ച പിണറായി സർക്കാരിന് എന്തുകൊണ്ടും അഭിമാനിക്കാം.
രാഷ്ട്രീയത്തിനതീതമായി കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചുറച്ച് പദ്ധതികൾ നടപ്പാക്കിയാൽ അത് വിജയത്തിലെത്തുമെന്നതിന്റെ തെളിവ് കൂടിയാണിത്. രണ്ടു സംസ്ഥാനങ്ങളിലെ ഗവർണർമാരുടെയും മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കാണു രാജ്യം നീങ്ങുന്നതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.രാജ്യത്ത് 6 % മാത്രമുള്ള പ്രകൃതി വാതക ഉപയോഗം 50 % ആയി ഉയർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ യോഗത്തിലൂടെ രാജ്യത്തിനു പദ്ധതി സമർപ്പിക്കുമ്പോൾ പറയുകയുണ്ടായി. ഒരു രാജ്യം, ഒരു വാതക ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്. മലിനീകരണമില്ലാത്ത ഇന്ധനമെന്ന നിലയിൽ പ്രകൃതിവാതകം രാജ്യപുരോഗതിയിൽ നിർണായകമാകും. എല്ലാവരും ഒരുമിച്ചുനിന്നാൽ എന്തും സാധ്യമെന്നതിന്റെ ഉദാഹരണമാണു കൊച്ചി – മംഗളൂരു പൈപ്ലൈൻ. പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതിക്കെതിരേ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും നടന്ന സമരപരമ്പരകൾ ഗെയ്ൽ പദ്ധതിയെ വല്ലാത്ത ആശങ്കയിലാക്കിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമ്മർദം മൂലം പദ്ധതി നിർത്തിവയ്ക്കേണ്ടിയും വന്നു. എൽഡിഎഫ് സർക്കാർ പ്രദർശിപ്പിച്ച നിശ്ചയദാർഢ്യവും കേന്ദ്ര സർക്കാർ നൽകിയ പിന്തുണയുമാണ് കുറഞ്ഞ ചെലവിൽ ഹരിത ഇന്ധനം ലഭ്യമാക്കുന്ന പദ്ധതി യാഥാർഥ്യമാകാൻ കാരണമായിരിക്കുന്നത്. കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളും ജനങ്ങളും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. നിലവിൽ രാജ്യത്തിനാവശ്യമായ ഇന്ധനത്തിന്റെ ആറു ശതമാനമാണ് പ്രകൃതി വാതക മേഖലയുടെ സംഭാവന. അതു പതിനഞ്ചു ശതമാനമാക്കി ഉയർത്തുകയെന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വച്ചിരിക്കുന്നത്. കൊച്ചി പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തത് പെട്രൊനെറ്റ് എൽഎൻജി കമ്പനിക്കും കുതിപ്പു നൽകും. വ്യവസായ ശാലകൾക്കും ഗാർഹിക ഉപയോക്താക്കൾക്കും ഒന്നുപോലെ ഗുണകരമായ പ്രകൃതി വാതകം താരതമ്യേന ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാണ്. പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പൂർത്തീകരണം സംസ്ഥാന സർക്കാരിന്റെ പ്രധാന വാഗ്ദാനമായിരുന്നുവെന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. തടസ്സങ്ങൾ മൂലം 2014 സെപ്റ്റംബറിൽ ജോലികൾ നിർത്തിവയ്ക്കേണ്ട അവസ്ഥ പോലും ഉണ്ടായി.