ദില്ലി: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ നിരവധി പ്രതിഷേധവും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി ട്വിറ്റര്‍ പക്ഷിയെ വേവിച്ച് പ്രതിഷേധം നടത്തിയിരിക്കുകയാണ് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ട്വിറ്റര്‍ ചെയ്ത വലിയ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പ്രതിഷേധം. ഫ്രൈ ചെയ്ത ട്വിറ്റര്‍ പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം ട്വിറ്ററിന്റെ ലോഗോ കണ്ടു കൊണ്ടാവാം പ്രതീകാത്മകമായി പക്ഷിയെ വേവിച്ചത്.
അതേസമയം ഏത് പക്ഷിയെയാണ് ഇവര്‍ ഫ്രൈ ചെയ്തതെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി ഒന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ രാഹുല്‍ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്നതരത്തില്‍ ബന്ധുക്കളുടെ ഫോട്ടോയും ചേര്‍ത്ത് ട്വിറ്റ് ചെയ്തു.സംഭവം വിവാദമായതോടെ ഇതിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചു കൊണ്ട് നോട്ടീസ് അയച്ചിരുന്നു.
തുടര്‍ന്ന് ട്വിറ്ററിന്റെ വിശദീകരണം ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് വിശദീകരണമായി രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നത് കഴിഞ്ഞ ദിവസമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നും അതിനാല്‍ ട്വീറ്റ് നീക്കുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു എന്നും ട്വിറ്റര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിക്ക് പുറകെ കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല ഉള്‍പ്പടെ അഞ്ച് മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതായാണ് വിവരം. സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ അജയ് മാക്കന്‍, ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു.
ഇതോടെ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു രാഹുല്‍ ഗാന്ധി ജനങ്ങളോട് സംവന്തിക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ചെയ്ത് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം രാഹുലിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും അക്കൗണ്ടുകള്‍് പുനസ്ഥാപിച്ചിട്ടുണ്ട്.