കൂടത്തായി മോഡല്‍; ഫസീലയുടേത് ആഡംബര ജീവിതം.വിലകൂടിയ വസ്ത്രം, യാത്ര… ഇതിനായി കവര്‍ച്ചയും !
പാലക്കാട് കൂടത്തായി മോഡല്‍ കൊലപാതകം നടത്തിയ ഫസീല ആഡംബര ജീവിതത്തിനായി കവര്‍ച്ചകളും നടത്തിയെന്ന് കണ്ടെത്തല്‍ .ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമത്തിനു കോടതി കഠിന തടവിനു ശിക്ഷിച്ച കരിമ്പുഴ സ്വദേശിനി ഫസീലയാണ് ആഢംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനു കവര്‍ച്ച നടത്തി വന്നിരുന്നത് .
പാലക്കാട് നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഫ്‌ളാറ്റില്‍നിന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും കോടതിയില്‍ വിചാരണ നടപടികള്‍ നടന്നു വരികയാണ് .ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ െസഷന്‍സ് കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത് ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് . മുഹമ്മദിനു രണ്ടു വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് പൊലീസ് ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തുന്നത്. ഫാസീലയ്ക്ക് കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതം കോടതി അരലക്ഷം പിഴ ചുമത്തിയിരുന്നു . ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസിലും ഫസീല വിചാരണ നേരിടുകയാണ്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്ന് 71കാരി നബീസ കൊല്ലപ്പെട്ടെന്നാണ് കേസ്. 2016 ജൂണിലായിരുന്നു ദുരൂഹമരണം. കൂടത്തായി കേസിലെ ഒന്നാംപ്രതി ജോളിയുടെ കൊലപാതക രീതിക്കു സമാനമാണ് ഫസീലയുടെയും തന്ത്രമെന്നാണ് പൊലീസ് ഭാഷ്യം .
കൊലപാതക കേസിനു പിന്നാലെയാണ് ഫസീലക്കെതിരായ കളവ് കേസിലെയും കോടതി നടപടികള്‍ പുറത്ത് വരുന്നത്. 2018ല്‍ കല്ലേക്കാട് ബ്ലോക്ക് ഓഫിസിനു സമീപം ഫ്‌ളാറ്റില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലാണ് ഫസീലയെ പ്രതിചേര്‍ത്തിട്ടുള്ളത്. കുടുംബാംഗങ്ങള്‍ വീട്ടില്‍നിന്നു പുറത്തുപോയ സമയം അടുത്ത ഫ്‌ളാറ്റുകാരില്‍നിന്ന് താക്കോല്‍ സ്വന്തമാക്കി തന്ത്രപൂര്‍വം സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്. പതിമൂന്നേകാല്‍ പവന്‍ സ്വര്‍ണം പെരിന്തല്‍മണ്ണയില്‍ കൊണ്ടുപോയി വില്‍പന നടത്തിയത് പിന്നീട് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു .കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത് പാലക്കാട് കോടതിയിലാണ് . മുന്തിയ ഹോട്ടലുകളില്‍ താമസിക്കുന്നതിനും വിലകൂടിയ വസ്ത്രം ധരിക്കുന്നതിനും യാത്രയ്ക്കുമായാണ് കളവ് നടത്തിയിരുന്നതെന്നാണ് ഫസീല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് .