നിയമസഭാ സമ്മേളനം 8 മുതൽ 28 വരെ ചേരും,15 ന് ബഡ്ജറ്റ്.

തിരുവനന്തപുരം / ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനും അനുബന്ധ നടപടികൾക്കുമായി നിയമസഭാ സമ്മേളനം 8 മുതൽ 28 വരെ ചേരും. 15നാണ് ബഡ്ജറ്റ് അവതരണം. 22 വരെയാക്കി സമ്മേളനം കുറയ്ക്കണോ എന്നതിനെ പറ്റി നിയമസഭാ കാര്യോപദേശകസമിതി തീരുമാനിക്കും. രാജ്ഭവനുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം എട്ടിന് സഭ ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എട്ടിന് രാവിലെ 9ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാവും സമ്മേളനത്തിന് തുടക്കം കുറിക്കുക. ചങ്ങനാശ്ശേരി എം.എൽ.എ യായിരുന്ന സി.എഫ്.തോമസിന് ചരമോപചാരം അർപ്പിച്ച് 11ന് സഭ പിരിയും. 12 മുതൽ14 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. 15ന് രാവിലെ 9ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കും. കർഷക ബില്ലുൾപ്പെടെ ചില സുപ്രധാന നിയമ നിർമ്മാണങ്ങളും സമ്മേളനത്തിൽ പരിഗണിക്കുന്നുണ്ട്. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടിൽ കർഷകപ്രശ്നം സംബന്ധിച്ച് കേന്ദ്ര വിമർശനം ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് എടുത്ത് പറയേണ്ട കാര്യം. ഗവർണർ ഇത് അപ്പടി വായിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.