കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററിലെത്തും മുമ്പേ സംവിധായകന് മരിച്ചു
തിരുവനന്തപുരം: സിനിമ തിയേറ്ററിലെത്തും മുന്‍പ് സംവിധായകന് കോവിഡ് ബാധിച്ച് മരിച്ചു. പൂജപ്പുര കേശവന്നായര് റോഡ് തിരുവാതിരയില്‍ പി.സേതുരാജനാണ് (64) മരിച്ചത്. ദീര്‍ഘകാലം സിനിമ രംഗത്ത് പ്രവര്‍ത്തിച്ച സേതുരാജന് ഒരു സ്വതന്ത്ര സിനിമാ സംവിധായകനാവുക എന്ന ആഗ്രഹം ഈ അടുത്ത കാലത്താണ് സഫലമായത്. എന്നാല്‍ കാത്തിരുന്ന സിനിമ തിയേറ്ററിലെത്തും മുന്പെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
രാജീവ് അഞ്ചലിന്റെ ‘ഗുരു’ എന്ന സിനിമയില്‍ സഹ കലാ സംവിധായകനും അതിനുമുമ്പ് ‘ചില്ല്’, ‘അമ്മാനംകിളി’ എന്നീ സിനിമകളിലൂടെ സിനിമാ സംവിധായകരുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം അടുത്ത ബന്ധുവായ രഞ്ജിയെന്ന പ്രവാസിയോട് അദ്ദേഹം പറയുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ ‘എന്റെ പ്രിയതമന്’ എന്ന സിനിമ സംവിധാനം ചെയ്തു.
പുതുമുഖ നടീനടന്മാരെ വച്ചായിരുന്നു ചിത്രീകരണം ആരംഭിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇടയ്ക്ക് ചിത്രീകരണം നിലച്ചിരുന്നു. ഇന്ദ്രന്‍സ്, പ്രേംകുമാര്‍ തുടങ്ങിയ നടന്മാരും സിനിമയിലുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ കോവിഡ് വ്യാപനം മൂലം സിനിമ തിയേറ്ററിലെത്തിയില്ല.
രണ്ടാഴ്ച മുമ്പ് മൂന്നാറില്‍ വച്ചാണ് സേതുരാജന് കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍: ലക്ഷ്മി, ദേവന്. മരുമകന് :ശ്യാം കൃഷ്ണ (ദുബായ്).