നൂറുപവൻ സ്വർണം കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ തുണയായി; അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവൻ സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 12 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇവരിൽ ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപത്തു വച്ചാണ് മോഷണം നടന്നത്. ആഭരണ വ്യാപാരിയായ സമ്ബത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാർ തടഞ്ഞുനിർത്തി സ്വർണം കവരുകയായിരുന്നു. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജൂവലറികൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്ബത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധു ലക്ഷ്മണനെയുമാണ് ആക്രമിച്ചത്. നെയ്യാറ്റിൻകര ഭാഗത്തുനിന്നുമാണ് സമ്ബത്ത് എത്തിയത്. ഇവരെ പിന്തുടർന്ന് കാറിലെത്തിയതാണ് അക്രമിസംഘം. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വർണം തട്ടിയെടുത്തുവെന്നാണ് കേസ്.