അലക്ഷ്യമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: നേരാംവണ്ണം ബസ് ഓടിക്കാത്ത കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അലക്ഷ്യമായി വാഹനം ഓടിക്കുന്നതു വഴി അപകട മരണങ്ങൾ കൂടുന്നുവെന്ന പരാതിയെ തുടർന്നാണ് വാഹനവകുപ്പിന്റെ നടപടി. സംസ്ഥാനത്തെ എല്ലാ എൻഫോഴ്സ്മെന്റ് ആർടിഒ മാർക്കാണ് നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.
കൊറോണ പ്രതിസന്ധിയും ലോക്ഡൗണും നിലനിന്നിരുന്ന കഴിഞ്ഞ വർഷം 296 അപകടങ്ങളാണ് കെഎസ്ആർടിസി ബസുകൾ മൂലം ഉണ്ടായത്. ഇതിലായി ആകെ 52 പേർ മരണപ്പെടുകയും 303 പേർക്ക് പരിക്കുപറ്റുകയും ചെയ്തു. സ്വകാര്യ ബസുകൾ മൂലം 713 അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിലായി 105 പേർ മരണപ്പെടുകയും 903 പേർക്ക് പരിക്കുപറ്റുകയും ചെയ്തു.
സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെഎസ്ആർടിസി ബസ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറവാണ്. എന്നാൽ കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും ആകെ എണ്ണം വെച്ച് കണക്കാക്കുമ്പോൾ അപകട മരണ നിരക്ക് കെഎസ്ആർടിസിക്ക് കൂടുതലാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാർ വാഹനം എന്ന നിലയിൽ ചില ഡ്രൈവർമാർ ധാർഷ്ട്യം കാണിച്ച് വാഹനം ഓടിക്കാറുണ്ടെന്നും അവർ പറയുന്നു.
അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് നടപടിയിൽ വലിയ അമർഷമുണ്ട്. കെഎസ്ആർടിസിക്കെതിരേ നടപടിയെടുക്കാൻ അറിയിച്ചുകൊണ്ട് മാർച്ച് 25-ന് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത് ഒരു വ്യക്തിയുടെ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ്. ഒരു ഇ-മെയിൽ പരാതി മാത്രം പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പോലുള്ളൊരു സ്ഥാപനത്തിനെതിരേ നടപടിക്കൊരുങ്ങുന്നത് ശരിയല്ലെന്നാണ് ജീവനക്കാർ പറയുന്നത്.