അനന്യയുടെ മരണം; മുറിവുകള്‍ക്ക് കാലപ്പഴക്കമില്ലെന്ന് പോലീസ്
കൊച്ചി: അനന്യയുടെ ആത്മഹത്യയ്ക്ക് കാരണം ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ട്രാന്‍സ്ഡന്‍ഡര്‍ അനന്യ കുമാരി അലക്‌സിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരു വര്‍ഷം മുന്‍പ് നടത്തിയ ശസ്ത്രക്രിയയിലെ അപാകതയും തുടര്‍ന്നുണ്ടായ ശാരീരിക,മാനസിക പ്രശ്‌നമാണെന്ന തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അനന്യയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ക്ക് അധികം കാലപ്പഴക്കമില്ലെന്ന റിപ്പോര്‍ട്ടാണുള്ളത്. അനന്യയുടെ ശരീരത്തില്‍ അടുതിടെ ഉണ്ടായ മുറിപാടുകളെ കുറിച്ചു പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നതായാണ് കളമശ്ശേരി പോലീസ് വ്യക്തമാക്കുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് സയന്‍സ് വിഭാഗം മേധാവി ഡോ. ടോമി മാപ്പിലകയിലില്‍ നിന്ന് ശേഖരിച്ച പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അനന്യയുടെ മരണം ആത്മഹത്യയാണെന്നും അതേസമയം കാലപ്പഴക്കത്താലുണ്ടായ മുറിവല്ല മരണ കാരണമെന്നും പോലീസിന് മനസ്സിലായത്.
അനന്യയുടെ മരണം ആത്മഹത്യ തന്നെയാണോ എന്ന കാര്യം മാത്രമാണ് അന്വേഷിക്കുന്നതെന്നും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങളുടെ അന്വേഷണ പരിധിയില്‍ വരുന്നില്ലെന്നും കളമശേരി പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.