Uncategorized

എസ്.എസ്.എല്‍.സി ഫലം;അധ്യാപകരുടെ അശ്രദ്ധ,1 വിഷയത്തിൽ യാസിന് ഹാജർ ഇല്ല

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ ഒരു വിഷയത്തിനു ‘ഹാജര്‍’ ഇല്ലെന്നു രേഖപ്പെടുത്തി. പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം വിദ്യാര്‍ഥിയുടെ തുടര്‍പഠനം മുടങ്ങുമെന്ന് ആശങ്ക. മേപ്പയൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് യാസിനാണ് എഴുതിയ ഇംഗ്ലിഷ് പരീക്ഷയ്ക്ക് ഫലം വന്നപ്പോള്‍ ‘ആബ്‌സന്റ്’ അടയാളപ്പെടുത്തിയിരിക്കുന്നത്.

പേരാമ്പ്രയിലെ ഹോട്ടല്‍ തൊഴിലാളി വാല്യക്കോട് കരിങ്ങാറ്റിക്കല്‍ മീത്തല്‍ റാസിഖ് പരീദിന്റെ മകനാണ് മുഹമ്മദ് യാസിന്‍. മാര്‍ച്ച് 21ന് നടന്ന ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം അധ്യാപകരുടെ അശ്രദ്ധ മൂലം ഏറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് യാസിന്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ 2 മണിയോടെ രക്ഷിതാവിനെ അറിയിച്ചു. രക്ഷിതാവ് സ്‌കൂളിലെത്തി പരീക്ഷ എഴുതുന്ന ക്ലാസും റജിസ്റ്റര്‍ നമ്പറും കുട്ടിയുടെ ഫോട്ടോയും കാണിച്ചു. എന്നിട്ടും അധ്യാപകര്‍ കുട്ടി എത്തിയിട്ടില്ല എന്ന മറുപടിയാണ് നല്‍കിയത്.

പൊതുപരീക്ഷ ആയതിനാല്‍ മറ്റൊരു സ്‌കൂളിലെ അധ്യാപകരാണ് പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു വിദ്യാര്‍ഥിയെ പരിചയമുള്ള അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശപ്രകാരം രക്ഷിതാവ് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം അന്വേഷിക്കാന്നും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് രക്ഷിതാവ് സ്‌കൂളില്‍ തിരിച്ചെത്തി. സ്‌കൂളില്‍ കോവിഡ് നിയന്ത്രണ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനിടെ മേപ്പയ്യൂര്‍ പൊലീസ് അറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് രക്ഷിതാവ് സ്‌കൂളില്‍ പൊലീസിനൊപ്പം പരീക്ഷ കഴിയുന്നതുവരെ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞ് സ്‌കൂളിനു പുറത്തേക്ക് മൂന്നാമതായി കുട്ടി ഇറങ്ങിവന്നു. ഇതോടെ അധ്യാപകര്‍ അങ്കലാപ്പിലായി.

പരീക്ഷാഫലം വരുമ്പോള്‍ പ്രശ്‌നമാവുമോ എന്ന് രക്ഷിതാവ് ചോദിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന് അധ്യാപകര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ പരീക്ഷക്ക് കുട്ടി ഹാജരായില്ല എന്നാണ് രേഖപ്പെടുത്തിയത്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ യാസിന്റെ അധ്യാപകര്‍ ആശങ്കയിലാണ്. തന്റെ ഉത്തരക്കടലാസ് കണ്ടെത്തണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് യാസീന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button