തന്റെ സ്റ്റാഫിന് കിട്ടിയത് വാച്ച്, ഐ ഫോൺ ലഭിച്ചത് കോടിയേരിയുടെ മുൻ സ്റ്റാഫിനെന്ന് ചെന്നിത്തല

തിരുവനന്തപുരം; സ്വപ്ന സുരേഷിൽ നിന്ന് ഐ ഫോൺ വാങ്ങിയ മൂന്നു പേരുടെ വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല. ഫോൺ കിട്ടിയവരിൽ ഒരാൾ കോടിയേരിയുടെ മുൻ പേഴ്സൺ സ്റ്റാഫ് എ.പി രാജീവനാണ്. തൻറെ സ്റ്റാഫിലെ ഹബീബിന് വാച്ച് കിട്ടിയെന്നും ചെന്നിത്തല പറഞ്ഞു.2019 ഡിസംബർ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനം. ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രോട്ടോകോൾ ലംഘനത്തെ കുറിച്ചാണ് കോടിയേരി അടക്കമുള്ളവർ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു. വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങിൽ പങ്കെടുത്തത്. പ്രോട്ടോകോൾ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് തന്നെ ഫോൺ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
താൻ ഐ ഫോൺ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണ്. ഒരു ഫോൺ എവിടെയാണെന്ന് ഇപ്പോൾ കണ്ടെത്താനായി. മറ്റ് രണ്ട് ഫോണുകൾ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.