ഗ്യാസ് ഗോഡൗണില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്
കുണ്ടറ: അനധികൃത ഗ്യാസ് ഗോഡൗണില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. പേരയത്ത് അനധികൃത ഗോഡൗണിലുണ്ടായിരുന്ന കണ്ടച്ചിറ സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു അപകടം.
പേരയം വരമ്പ് ഭാഗത്തെ മുന്‍ സര്‍വിസ് സ്‌റ്റേഷനുള്ളിലായിരുന്നു അനധികൃത ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. അനധികൃതമായി ഗോഡൗണിലെത്തിക്കുന്ന വിവിധ കമ്ബനികളുടെ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിനിടയിലാണ് ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്്.
അപകടത്തിനു ശേഷം പൊലീസ് സംഭവ സ്ഥലത്തെത്തി് പരിശോധന നടത്തി. പരിശേധനയില്‍ സിലണ്ടറിനുള്ളില്‍ ഗ്യാസ് നിറക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തി. 86 ഗാര്‍ഹിക സിലിണ്ടറുകളും 14 കോമേഴ്സ്യല്‍ സിലിണ്ടറുകളും ഉള്‍പ്പടെ 101 സിലണ്ടറുകളും പോലീസ് കണ്ടെടുത്തു. ദീര്‍ഘകാലമായി പ്രവര്‍ത്തനം നിലച്ച സര്‍വിസ് സ്‌റ്റേഷന്‍ പാറശ്ശാല സ്വദേശിയും കുണ്ടറയില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന ജയരാജ് വാടകക്കെടുത്ത ശേഷം ഇവിടെ അനധികൃതമായി ഗ്യാസ് റീഫിലിങ് നടത്തി വരുകയായിരുന്നു.
ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂര അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. കുണ്ടറയില്‍ നിന്നുള്ള അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. സുരക്ഷ പരിശോധനക്കു ശേഷം പോലീസ് ബാക്കിയുണ്ടായിരുന്ന സിലിണ്ടറുകള്‍ സമീപത്തെ ഗ്യാസ് ഏജന്‍സിയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പരിശോധനക്കായി പൊലീസ് ഗോഡൗണ്‍ പൂട്ടുകയും സ്ഥലത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.