വ്യാജ പൾസ് ഓക്സിമീറ്ററുകളുടെ വിപണനം തടയണം: മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി കെസിവൈഎം കൊല്ലം രൂപത
കൊല്ലം: കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പൾസ് ഓക്സിമീറ്റർ പോലെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറവ് മുതലെടുത്തു, വ്യാജ പൾസ് ഓക്സിമീറ്ററുകൾ വിപണിയിൽ വിൽക്കുന്നതിനെതിരെ മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി നൽകി കെസിവൈഎം കൊല്ലം രൂപത. കൊറോണ രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും അത്യാവശ്യം വേണ്ട പൾസ് ഓക്സിമീറ്ററുകൾക്കു, വലിയ ക്ഷാമമാണ് വിപണിയിൽ അനുഭവപ്പെടുന്നത്.
പ്രസ്തുത ക്ഷാമം മുതലെടുത്തു കൊണ്ട് വ്യാജ പൾസ് ഓക്സിമീറ്ററുകൾ വിപണിയിൽ എത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. അതോടൊപ്പം നിലവാരം കുറഞ്ഞ എൻ 95 മാസ്‌ക്കുകളും, വ്യാജ സാനിറ്റൈസറുകളും വിപണിയിൽ സുലഭമാണ്.
പകർച്ച വ്യാധിയുടെ ഈ സാഹചര്യം മുതലെടുത്താണ്, തട്ടിപ്പു കമ്പനികളും വ്യക്തികളും വ്യാജ മെഡിക്കൽ ഉപകരണങ്ങളുമായി വിപണിയിൽ എത്തുന്നത്. പ്രസ്തുത വ്യാജ പൾസ് ഓക്സിമീറ്റർ പോലെയുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും, നിലവാരം കുറഞ്ഞ എൻ 95 മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തണമെന്നും, പൊതുജനാരോഗ്യ സംരക്ഷണത്തിന് ഭീഷണിയാകുന്ന അത്തരം വ്യാജ ഉപകരണങ്ങൾ വിൽക്കുന്നതിനെതിരെ അടിയന്തിര നടപടി ഉണ്ടാകണമെന്നും കെസിവൈഎം കൊല്ലം രൂപത മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ ആണ് പരാതി നൽകിയത്.