ശോഭയ്ക്ക് ‘എട്ടിന്റെ പണി’ കൊടുക്കാനൊരുങ്ങി കെ സുരേന്ദ്രന്‍; മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കെ സംസ്ഥാന ബിജെപിക്കകത്തെ വിഭാഗീയത രൂക്ഷമാകുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ ഒത്തുതീര്‍പ്പായെന്നു കരുതിയ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യാതൊരു സാധ്യതയുമില്ലാത്ത സീറ്റില്‍ ശോഭാ സുരേന്ദ്രനെ ഒതുക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നീക്കം. വോട്ടുകള്‍ കുറഞ്ഞാല്‍ ഇതിന്റെ ഉത്തരവാദിത്വം ശോഭയുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യും.
കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിച്ചാണ് കെ സുരേന്ദ്രന്റെ നീക്കമെന്നാണ് സൂചന. ഇതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭ വീണ്ടും പരസ്യമായി രംഗത്തെത്തുമെന്നുറപ്പാണ്. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കും ശ്രമിക്കുന്നുണ്ട്. ആവശ്യപ്പെടുന്ന സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് ശോഭയുടെ മുന്നറിയിപ്പ്. തനിക്കെതിരായ അവഗണനയില്‍ അവര്‍ കടുത്ത പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഉടന്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ആവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നാല്‍ അത് ബിജെപിക്ക് ക്ഷീണമുണ്ടാക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ പ്രതിഷേധിച്ച് മാറിനിന്നത് ബിജെപിക്ക് ദോഷം ചെയ്തിരുന്നു. പാലക്കാട് ഏതെങ്കിലും സീറ്റില്‍ മത്സരിപ്പിക്കുകയും അവിടെ തന്നെ പ്രചരണത്തിന് നിയോഗിക്കുകയും ചെയ്യാനാണ് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശം. എന്നാല്‍, തിരുവനന്തപുരം ഉള്‍പ്പെടെ ജയസാധ്യതയുള്ള മണ്ഡലം ശോഭ ആവശ്യപ്പെടുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇരുവിഭാഗവും വീട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തും.