മനം നൊന്ത് വീട് വിട്ട വീട്ടമ്മയെ റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം/കുടുംബ പ്രശ്നങ്ങളെ തുടർന്ന് മനം നൊന്ത് വീട് വിട്ടിറങ്ങിയ വീട്ടമ്മയെ റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മ ചിങ്ങേലി ശ്രീമന്ദിരത്തിൽ ഇന്ദിരാമ്മയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം അറുപത്തൊന്നുകാരിയായ ഇന്ദിരാമ്മ വീടുവിട്ടിറങ്ങുകയായിരുന്നു. തിരിച്ചെത്താൻ വൈകിയപ്പോൾ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ചടയമംഗലത്തിന് സമീപമുള്ള മുരുക്കുമണ്ണിൽ എംസി റോഡിനോട് ചേർന്നുള്ള റബ്ബർതോട്ടത്തിൽ ഇന്ദിരാമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
മൃതദേഹത്തിൽ രണ്ട് കൈ ഞരമ്പുകളും അറുത്ത നിലയിലായിരുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മരത്തിനു തൊട്ടടുത്തുള്ള മറ്റൊരു മരത്തിലും തൂങ്ങിമരിക്കാൻ ശ്രമം നടത്തിയതിന്റെ ലക്ഷണങ്ങൾ കാണാമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.