Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

തൊഴിൽ രഹിതന്റെ സ്വപ്നങ്ങൾക്ക് പുല്ലുവില, പി.എസ്​.സി വെറും നോക്കുകുത്തി.

തിരുവനന്തപുരം/ സർക്കാർ സർവിസിലേക്കുള്ള റിക്രൂട്ട്മെൻറിനുവേണ്ടി രൂപവത്​കരിക്കപ്പെട്ട ഭരണഘടന സംവിധാനമായ പബ്ലിക് സർവിസ്​ കമ്മീഷനെ വെറും നോക്ക് കുത്തിയാക്കിയുള്ള രാഷ്ട്രീയ നിയമന കച്ചവടങ്ങളാണ്‌ കേരളത്തിൽ ഇന്ന് നടക്കുന്നത്. മത്സരപ്പരീക്ഷ, റാങ്ക് ലിസ്റ്റ്, കൂടിക്കാഴ്ചക്ക് ശേഷം നിയമനം തുടങ്ങിയ തൊഴിൽ രഹിതന്റെ സ്വപ്നങ്ങൾ കാറ്റിൽ പറത്തിയാണ് ഒട്ടുമിക്ക രാഷ്ട്രീയ നിയമന കച്ചവടങ്ങളും അരങ്ങു തകർക്കുന്നത്. പി.എസ്.സി തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളാണ് വിവിധ സർക്കാർ സർവിസുകളിൽ ജോലിയിൽ പ്രവേശിക്കുന്നതെന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഭരണ കാലാവധി തീരുന്നതിനു മുൻപ് ഇടത് മുന്നണി സർക്കാർ നടത്തി വരുന്ന ഒട്ടു മിക്ക നിയമനങ്ങളും പി.എസ്​.സിയെ നോക്കുകുത്തിയാക്കുന്നവയാണ്.

കെ എസ് ആർ ടി സിയിൽ കോടതി പിരിച്ചുവിടാൻ ആവശ്യപെട്ടവരെ പോലും വിളിച്ചു വരുത്തി തങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് സർക്കാർ നിയമനം നൽകുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പോവുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും റവന്യൂ വകുപ്പിലും എന്ന് വേണ്ട ഭരണത്തിൽ നിന്നും ഇറങ്ങും മുൻപ് പരമാവധി താൽക്കാലികക്കാരെ സർക്കാർ സ്ഥിരപ്പെടുത്താനൊരുങ്ങുകയാണ്. ഇതിൽലൊക്കെ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ് പി എസ് സി.

സർക്കാർ ശമ്പളം പറ്റുന്ന ഏതു ജോലിയിലേക്കും പി.എസ്​.സി വഴി മാത്രമേ പ്രവേശനം നടത്താവൂ എന്ന പൊതു ആവശ്യത്തിനു മുന്നിൽ എൽ ഡി എഫ് സർക്കാർ മുഖം തിരിക്കുകയാണ്. വിവിധ സർക്കാർ ബോർഡ്, കോർപറേഷനുകളിലേക്കുള്ള നിയമനങ്ങൾ പി.എസ്​.സി വഴിയാക്കണമെന്ന ആവശ്യം സർക്കാർ ചെവികൊള്ളുന്നില്ല. യൂനിവേഴ്സിറ്റികളിലെ നിയമനങ്ങൾ പി.എസ്​.സിക്ക് വിടണമെന്ന ആവശ്യവും ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് യൂനിവേഴ്സിറ്റികളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്​.സിക്ക് വിട്ടുകൊണ്ട് തീരുമാനം എടുത്തെങ്കിലും അതിശയകരമായ ഒന്നും നടന്നില്ല.

ഇപ്പോൾ കാലിക്കറ്റ് യൂനിവേഴിസിറ്റിയിലെ താൽക്കാലിക ജീവനക്കാരെ സ്​ഥിരപ്പെടുത്താനുള്ള 2020 ഡിസംബറിലെ സിൻഡിക്കേറ്റ് തീരുമാനം ഹൈകോടതി സ്​റ്റേ ചെയ്തിരിക്കുന്നു. സി.പി.എം ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സ്വന്തക്കാർക്ക് വിവിധ തസ്​തികകളിൽ താൽക്കാലികനിയമനം നൽകിയിരിക്കുന്ന അവിടെ. കമ്പ്യൂട്ടർ പ്രോഗ്രാമർ ഉൾപ്പെടെയുള്ള താൽക്കാലികക്കാരെ സ്​ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഡിസംബറിൽ എടുക്കുന്നത്. ചുമതലപ്പെട്ട ചില ഉദ്യോഗസ്​ഥരുടെ വിയോജനക്കുറിപ്പുകൾക്ക് പോലും പുല്ലുവില കൽപ്പിച്ചായിരുന്നു സിൻഡിക്കേറ്റിന്റെ തീരുമാനം ഉണ്ടാവുന്നത്. തൊഴിൽ രഹിതർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അതിനു സ്​റ്റേ ഉണ്ടായത്.

ഭരിക്കുന്നവർക്ക് കോടതി സ്റ്റേയ്ക്കൽ ഒന്നും ഒരു പ്രശ്നമല്ല. സ്​റ്റേയും മറികടക്കാനുള്ള നിയമവഴികൾ യൂനിവേഴ്സിറ്റി തേടുകയാണ്. കോടതിയിൽ കേസ്​ വരുമ്പോൾ എതിർകക്ഷിയായ യൂനിവേഴ്സിറ്റിക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും ഉറപ്പാണ്. ഇത്തരത്തിൽ മിക്ക രാഷ്ട്രീയ നിയമനമേളകളും കേരളത്തിൽ സാധൂകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പി എസ് സി ഒരു വലിയ സംഭവമാണെന്ന് ഭരണ കസേരകളിൽ ഇരിക്കുന്നവർക്ക് മാത്രമേ പറയാനാവൂ.കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് മുന്നിൽ അതൊരു വിശ്വാസ്യത നഷ്ട്ടപെട്ട പ്രസ്ഥാനമാണ്.

പി.എസ്​.സിയുടെ പൊലീസ്​ കോൺസ്​റ്റബ്ൾ ലിസ്​റ്റിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എസ്​.എഫ്.ഐയുടെ കത്തിക്കുത്ത് സംഘം മുഴുവൻ ആദ്യ ഇടങ്ങൾ നേടിയത് കേരളം കണ്ടതാണ്. സംഭവം വിവാദമായപ്പോൾ കത്തിക്കുത്തുകാരെ ലിസ്​റ്റിൽനിന്ന് മാറ്റിനിർത്തി പി.എസ്​.സി. തപ്പി. പി.എസ്​.സി റാങ്ക് ലിസ്​റ്റിൽ ഏറ്റവും മുൻനിരയിൽ സ്​ഥാനം പിടിച്ചതുമായി ബന്ധപ്പെട്ട കേസിൽ കത്തിക്കുത്ത് സംഘാംഗങ്ങൾ മാത്രമാണ് പ്രതികൾ എന്നതും ശ്രദ്ധേയമാണ്. എന്നിട്ടു എന്തുണ്ടായി?, ഇപ്പോൾ മലമറിച്ചു കളയുമെന്ന് പി എസ് സി യും സർക്കാരും പറയുമ്പോഴൊക്കെ ജനത്തിനറിയാം ഒന്നും നടക്കാൻ പോകുന്നില്ലെന്ന്. ഇതൊക്കെ കൊണ്ട് തന്നെയാണ് പി എസ് സി യിൽ ഉള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായിരിക്കുന്നത്.

ക്രിമിനലുകളായ ഒരുകൂട്ടം ചെറുപ്പക്കാർക്ക് മാത്രം പി.എസ്​.സി റാങ്ക് ലിസ്​റ്റിൽ ഏറ്റവും മുൻനിരയിൽ സ്​ഥാനം പിടിക്കാൻ സാധിച്ചു‌ എന്ന് പറയുമ്പോൾ തന്നെ ഒരു വലിയ സംവിധാനം അതിനു പിറകിൽ പ്രവർത്തിചെന്നത് ഉറപ്പാവുകയാണ്. ഇന്നുവരെ അതിന്റെ ഉള്ളറകളിലേക്ക് അന്വേഷണം നടത്താൻ പി.എസ്​.സി തയാറായിട്ടില്ല. കാരണം അന്വേഷണം ശരിയായി നടന്നാൽ പല ഉന്നതരും കുടുങ്ങും. കെ.എ.എസ്​ പരീക്ഷയുടെ വാല്വേഷനുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളും കോടതി വ്യവഹാരങ്ങളും പി.എസ്​.സിയുടെ വിശ്വാസ്യതക്ക്​ പ്രഹരമേൽപിക്കുന്നതായിരുന്നു. ഇതൊക്കെ ആണെങ്കിലും ഏറ്റവും വലിയ റിക്രൂട്ട്മെൻറ്​ ഏജൻസിയെന്ന നിലക്ക് പി.എസ്​.സിക്ക് സമൂഹം ഒരല്പം വിശ്വാസ്യത ബാക്കി വെക്കുന്നുണ്ട്. എല്ലാ നിയമനങ്ങളും പി.എസ്​.സിക്ക് വിടണമെന്ന ആവശ്യം അതിൽ നിന്നും വരുന്നതാണ്.

യൂനിവേഴ്സിറ്റിയിലെ അനധ്യാപക നിയമനങ്ങൾ മാത്രമാണ് ഇപ്പോഴും സാങ്കേതികമായി പി.എസ്​.സിക്ക് വിട്ടിട്ടുള്ളൂ. അതും ഇപ്പോൾ അട്ടിമറിക്കപ്പെടുന്നു അവസ്ഥയിലാണ്. യൂനിവേഴ്സിറ്റികളിലേക്കുള്ള അധ്യാപകനിയമനങ്ങൾ ഇതുവരെ പി.എസ്​.സിക്ക് വിടാൻ സർക്കാർ തയ്യാറായിട്ടില്ല. വി.സി, സിൻഡിക്കേറ്റ് പ്രതിനിധി, വി.സി നിശ്ചയിക്കുന്ന വിഷയ വിദഗ്​ധൻ, സർക്കാർ പ്രതിനിധി, ഡിപാർട്ട്​മെൻറ്​ തലവൻ എന്നിവർ ഉൾപ്പെടുന്ന പാനൽ അഭിമുഖം നടത്തിയാണ് ഇപ്പോൾ അധ്യാപക നിയമനങ്ങൾ നടത്തി വരുന്നത്. രാഷ്​​ട്രീയ നിയമനങ്ങളിലൂടെ കസേരകളിലെത്തി ഞെളിഞ്ഞരിക്കുന്നവരാണ് ഈ അഭിമുഖങ്ങളും, നിയമനങ്ങളും നടത്തുന്നത്. ഭരണ പക്ഷത്തുള്ള പാർട്ടിക്കാരെയും സ്വന്തക്കാരെയും യൂനിവേഴ്സിറ്റികളിൽ കുടിയിരുത്താനുള്ള സംവിധാനം മാത്രമാണത് ഇത്. അൺ എയ്ഡഡ് കോളജുകളിലെ അധ്യാപകർക്കുള്ള ഗുണനിലവാരംപോലുമില്ലാത്ത അധ്യാപകരുടെ വിളനിലമായി യൂനിവേഴ്സിറ്റി കാമ്പസുകൾ മാറിയതിനു കാരണവും ഇത് തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button