വിവരസാങ്കേതികവിദ്യാ ചട്ടം; ഓൺലൈൻ ന്യൂസ്, ഒടിടി പ്ലാറ്റ്ഫോമുകൾ 15 ദിവസത്തിനുളളിൽ റിപ്പോർട്ട് നൽകണം
ന്യൂ ഡെൽഹി: കേന്ദ്രസർക്കാർ പരിഷ്ക്കരിച്ച വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം. ബുധനാഴ്ചയാണ് ചട്ടം നിലവിൽ വന്നത്. ഇത് പ്രകാരമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്. ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൽ, സാമൂഹികമാധ്യമങ്ങൾ, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രബല കമ്പനികളോട് തത്സ്ഥിതി റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രസർക്കാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.