ഈന്തപ്പഴം വിതരണം ചെയ്തതിലും എഫ്സിആർഎ ലംഘിച്ചു.

വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ചു കൊണ്ടു കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം സംസ്ഥാന സർക്കാർ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി ബി ഐ കേസെടുത്തേക്കും.
കേരളത്തിലെ അനാഥകുട്ടികളുടെ പേരിൽ കൊണ്ടുവന്ന ഈന്തപ്പഴം ചില സർക്കാർ ഓഫീസുകളിലേക്കും, ഉന്നതരുടെ വീടുകളിലേക്കും, സൽക്കാരങ്ങളിലേക്കും ആണ് ഒഴുകിയത്.
യുഎഇ കോൺസുലേറ്റിന്റെ പേരിൽ 2017 ൽ നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തിനും സ്വപ്ന സുരേഷ് കമ്മിഷൻ വാങ്ങിയെന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്. ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിൽ സർക്കാരും വെട്ടിലാകുമെന്ന സ്ഥിതിയാണ് ഉള്ളത്. എൻഐഎയുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിലാണു സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കൊണ്ട് വന്ന ഈന്തപ്പഴം പല പ്രമുഖരും പെട്ടിക്കണക്കിനാണ് കൊണ്ടുപോയത്. കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം സ്വപ്നയും സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തും ചേർന്നാണ് ഏറ്റുവാങ്ങുന്നത്. ഇതു വിതരണം ചെയ്തതിന്റെ കണക്കും അനുബന്ധ ഉത്തരവുകളും ആവശ്യപ്പെട്ടു പൊതുഭരണ, സാമൂഹികനീതി വകുപ്പുകൾക്കു കസ്റ്റംസ് കത്തു നൽകിയെങ്കിലും,കൃത്യമായ കണക്കോ ഉത്തരവുകളോ അവരുടെ മറുപടിയിൽ ഉണ്ടായില്ല. വാക്കാൽ നിർദേശം ലഭിച്ചതേയുള്ളൂവെന്നാണു സാമൂഹികനീതി വകുപ്പിന്റെ നിലപാട്.
കേരളത്തിലെ അനാഥാലയങ്ങളിലെയും സ്പെഷൽ സ്കൂളുകളിലെയും കുട്ടികൾക്കുള്ള ദുബായ് ഭരണാധികാരിയുടെ സമ്മാനം എന്ന നിലയിലാണു സർക്കാർ ഈന്തപ്പഴം വിതരണം ചെയ്യാനായി ഏറ്റുവാങ്ങുന്നത്. മുഖ്യമന്ത്രിയും മറ്റും പങ്കെടുത്ത് ഇതിന്റെ വിതരണ ഉദ്ഘാടനവും നടന്നിരുന്നു. സ്വപ്നയായിരുന്നു ചടങ്ങിലെ പ്രധാന സൂത്ര ധാരക. കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ള ഈന്തപ്പഴം എന്ന് കസ്റ്റംസിനെ അറിയിച്ചുകൊണ്ടു വന്ന ഈന്തപ്പഴം, ചില സർക്കാർ ഓഫീസുകളിലേക്കും, ഉന്നതരുടെ വീടുകളിലേക്കും, സൽക്കാരങ്ങളിലേക്കും ഒഴുക്കുകയായിരുന്നു. അനാഥരുടെ പേരുപറഞ്ഞു കൊണ്ട് വരുകയും,തുടർന്ന് സമ്മാനമായി സർക്കാരിലേക്ക് ഇതെങ്ങനെ എത്തിയെന്നും ആണ് അന്വേഷണ സംഘങ്ങൾ ഇതേപ്പറ്റി ഇപ്പോൾ അന്വേഷിക്കുന്നത്.
ഈ ഈന്തപ്പഴം കൊണ്ടുവന്ന വകയിലും, ദുബായിൽ നിന്നും കേരളത്തിൽ നിന്നും സ്വപ്നക്ക് കമ്മിഷൻ കിട്ടിയെന്നാണു അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരിക്കുന്നത്. ഇവിടെ കുട്ടികൾക്ക് ദുബായ് ഭരണാധികാരിയുടെ സമ്മാനം വന്നതിന് എന്തിനാണ് സ്വപ്ന സുരേഷിന് കമ്മീഷൻ നൽകിയത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആ നിലയിലും നടക്കുന്നുണ്ട്. ഈന്തപഴ വിതരണം വിദേശസഹായ നിയന്ത്രണ ചട്ടത്തിന്റെ (എഫ്സിആർഎ) ലംഘനമാണെന്നു കസ്റ്റംസ് കണ്ടെത്തിയതിനാൽ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ,സംഭവത്തിലും സിബിഐ കേസ് എടുക്കുമെന്ന് ഉറപ്പാവുകയാണ്. എഫ്സിആർഎ ലംഘനങ്ങളെല്ലാം സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തിലാണിത്.