മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കരോലിനെ ജീവിത സഖിയാക്കുന്നു.

ന്യൂഡൽഹി/ആദ്യഭാര്യ മീനാക്ഷിയിൽ നിന്ന് വിവാഹമോചനം നേടിയ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരി കരോലിൻ ബ്രോസാർഡുമായാണ് 65 ലെത്തിയ സാൽവെയുടെ രണ്ടാം വിവാഹം. ഒക്ടോബർ 28ന് പള്ളിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ചായിരിക്കും ഹരീഷ് സാൽവെയും കാരോലിണ ബ്രോസാർഡും വിവാഹിതരാകുകയെന്ന് വാർത്ത ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നോർത്ത് ലണ്ടനിലാണ് ഹരീഷ് സാൽവെ ഇപ്പോൾ താമസിക്കുന്നത്. ഒരു ആർട്ട് ഇവന്റിൽ വച്ചാണ് ബ്രോസാർഡിനെ ആദ്യമായി സാൽവെ കണ്ടുമുട്ടുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പരിചയത്തിലായിരുന്നു. ഈ വർഷം ജൂണിലാണ് ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാൽവെ പിരിഞ്ഞത്. 38 വർഷങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷിയുമായി ഹരീഷ് സാൽവെയുടെ വിവാഹം നടക്കുന്നത്.
കൊറോണ വൈറസ് മഹാമാരിക്കിടയിൽ പോലും ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള അഭിഭാഷകരിൽ ഒരാളായ സാൽവെ നിരവധി പ്രധാന കേസുകളിൽ ഈ വർഷം സുപ്രീംകോടതിയിൽ ഹാജരായി. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ക്വീൻസ് കൗൺസിൽ ആകുന്നതിന് മുമ്പ് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ആയിരുന്ന ഹരീഷ് സാൽവെ, ലോൺ മൊറട്ടോറിയം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും ദില്ലി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് എതിരായ കേസിലും, ഫേസ്ബുക്ക് വൈസ് പ്രസിഡന്റിനെതീരെ ഉള്ള കേസിലും സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ലണ്ടനിൽ നിന്നുള്ള വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കേസുകളിൽ ഇന്ന് സാൽവെ വാദം നടത്തി വരുന്നത്.