എൽ ഡി എഫ് പ്രവേശനം: ജോസ് കെ മാണി ഇന്ന് നിലപാട് അറിയിച്ചേക്കും

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11ന് കോട്ടയത്ത് ജോസ് കെ മാണി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. എൽ ഡി എഫിലേക്ക് പാർട്ടി മാറുന്നത് സംബന്ധിച്ച് ഒരു വ്യക്തത ഇതിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി എൻസിപി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സിപിഎം. പാലയിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുമ്പോൾ മാണി സി കാപ്പൻ ഉയർത്തുന്ന കലാപക്കൊടിയാണ് തലവേദന. സിറ്റിംഗ് സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് എൻസിപിക്കൊപ്പം സിപിഐ അടക്കം നിലപാട് എടുത്താൽ നിലവിൽ ചർച്ചക്ക് നേതൃത്വം നൽകുന്ന സിപിഎം മുന്നണിയിൽ ഒറ്റപ്പെടും.
പാലയില്ലാതെ പാക്കേജ് സാധ്യമല്ലെന്ന ജോസ് പക്ഷത്തിൻറെ നിലപാടിൽ സിപിഎമ്മിന് യോജിപ്പുണ്ടെങ്കിലും മുന്നണിയിൽ ഇതുണ്ടാക്കുന്ന വിള്ളലാണ് ആശങ്ക. നിർണ്ണായക സമയത്തെ ഉപതെരഞ്ഞെടുപ്പിൽ പാലയിലെ രാഷ്ട്രീയ വിജയം വലിയ അംഗീകാരമായാണ് സിപിഎം ഉയർത്തികാട്ടിയത്. എങ്ങനെയും ജോസ് വിഭാഗത്തെ എൽഡിഎഫിൽ എത്തിക്കാൻ പാല ബലികഴിച്ചാൽ ഇതിലെ യുഡിഎഫ് മുതലെടുപ്പും സിപിഎം മുന്നിൽകാണുന്നു.