ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒരമ്മ
ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി സൗത്ത് ആഫ്രിക്കന്‍ യുവതി. യുവതിയുടെ അവകാശ വാദം ഡോക്ടര്‍മാര്‍ അംഗീകരിച്ചാല്‍ റെക്കോര്‍ഡായിരിക്കും ഈ യുവതി സ്വന്തമാക്കുക. ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ക്ക് നേരത്തെ ഇരട്ടക്കുട്ടികള്‍ ജനിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തില്‍ ആറ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഉണ്ടായതെന്നാണ് ഭര്‍ത്താവ് വ്യക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച പ്രിട്ടോറിയ ഹോസ്പിറ്റലില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത് എന്നും ഭര്‍ത്താവ് വ്യക്തമാക്കി.
എന്നിരുന്നാലും ഇത്തരമൊരു സംഭവത്തെ കുറിച്ച് ഇതുവരെയും ഒരു രേഖയും കണ്ടെത്തിയിട്ടില്ലെന്നാണ് സൗത്ത് ആഫ്രിക്കന്‍ ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശയവിനിമയ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഫുംല വില്യംസ് ഈ സംഭവത്തെ കുറിച്ച് പൊതുജനങ്ങളോട് ചോദിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ട്വീറ്റില്‍ ഐഒഎലിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വിവരം പരിശോധിച്ച് ആവശ്യമുള്ള സഹായം ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദമ്ബതികള്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലത്ത് അന്വേഷിച്ച് കുടുംബം എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇവരെ കണ്ടെത്തുകയും 10 കുട്ടികള്‍ ജനിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍ കഴിഞ്ഞ മാസം മാലിയില്‍ നടന്ന ഒന്‍പതു കുട്ടികളുടെ ജനനം എന്ന റെക്കോര്‍ഡായിരിക്കും ഈ യുവതി തിരുത്തി കുറിക്കുക.
കഴിഞ്ഞ മാസം മാലിയില്‍ 25 കാരിയായ ഹാലിമ സിസ്സെ എന്ന യുവതിക്കാണ് ഒറ്റ പ്രസവത്തില്‍ ഒമ്ബത് കുഞ്ഞുങ്ങളെ ലഭിച്ചത്. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഹാലിമയുടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഗര്‍ഭിണിയായിരിക്കെ, 7 പേരാണ് ഉള്ളതെന്നാണ് അറിഞ്ഞിരുന്നത്. പക്ഷേ ഇന്നലെ പ്രസവം നടന്നപ്പോഴാണ് അറിഞ്ഞത് ഏഴല്ല, ഒമ്ബതു പേരാണ് ഉണ്ടായിരുന്നതെന്നത്.
ഹാലിമ സിസ്സെയുടെ ഗര്‍ഭം പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ഗര്‍ഭിണിയായിരിക്കെ ചര്‍ച്ചയായിരുന്നു. സിസേറിയനില്‍ ഏഴ് കുഞ്ഞുങ്ങളുണ്ട് എന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. അവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഹാലിമയെ മൊറോക്കയിലേക്ക് അയയ്ക്കുകയായിരുന്നു അധികൃതര്‍.
അവിടെ വെച്ച് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഏഴ് കുഞ്ഞുങ്ങളെയും പുറത്തെടുത്ത് കഴിഞ്ഞും വീണ്ടും രണ്ട് കുഞ്ഞുങ്ങള്‍ കൂടി ഹാലിമയുടെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നുവെന്നത് തെല്ലൊന്നുമല്ല ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയത്. അഞ്ച് പെണ്‍കുട്ടികളെയും നാല് ആണ്‍കുട്ടികളെയും ആണ് ഒറ്റ പ്രസവത്തില്‍ ഹാലിമയ്ക്ക് ലഭിച്ചത്.