ഇനി വെറുതെ പുറത്തിറങ്ങിയാൽ പണി പാളും: ഞായറാഴ്ച മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂ
മാവേലിക്കര: ഞായറാഴ്ച മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂവെന്നു ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ ജോസ് അറിയിച്ചു. മേഖലയിൽ വഴിയോരക്കച്ചവടങ്ങൾ അനുവദിക്കില്ലെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
പൊലിസ് പിടികൂടിയപ്പോൾ പലരും മരുന്നു വാങ്ങാനെത്തി, ആശുപത്രിയിൽ പോകുന്നു തുടങ്ങിയ ന്യായങ്ങളാണു നിരത്തിയത്. മതിയായ രേഖകൾ ഉള്ള വാഹനങ്ങൾ വിട്ടയച്ച പൊലീസ് സംശയം തോന്നിയ വാഹനങ്ങൾ മരുന്ന് വാങ്ങാൻ തന്നെ എത്തിയതാണെന്നു ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടയച്ചത്.
ലോക്ഡൗണിന്റെ ആദ്യ ദിനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫിസ് പരിധിയിൽ 85 വാഹനങ്ങൾ പിടിച്ചെടുത്തത്, 9500 രൂപ പിഴ ഈടാക്കി. ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചത് വെൺമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. മാവേലിക്കരയാണ് രണ്ടാം സ്ഥാനത്ത്. മാന്നാർ, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ 11 വീതം, നൂറനാട്-14, കുറത്തികാട്-10, വള്ളികുന്നം-5 വാഹനങ്ങൾ വീതം പിടികൂടി. രാവിലെ പിടികൂടിയ വാഹനങ്ങൾ പിഴ ഈടാക്കിയ ശേഷം വൈകിട്ടു തിരികെ നൽകി.