ജമ്മുവിനെ കൂടി ഉൾപ്പെടുത്തി മൊബൈൽ ഫോൺ പരിധി വർധിപ്പിക്കാൻ പാക്ക് നീക്കം

ന്യൂഡൽഹി/ ഇന്ത്യയുടെ ജമ്മു കശ്മീരിനെക്കൂടി പരിധിയിൽ ഉൾപ്പെടുത്തി തങ്ങളുടെ മൊബൈൽ ഫോൺ പരിധി വർധിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. താഴ്‌വരയിലേക്ക് നുഴഞ്ഞുകയറുന്ന പാക്ക് പരിശീലനം നേടിയ ഭീകരരെ സഹായിക്കുന്നതിനും, ഇന്ത്യയുടെ ആശയവിനിമയ വിലക്കുകൾക്ക് ഭീക്ഷണി സൃഷ്ട്ടിക്കുന്നതുമാണിത്. ജമ്മു കശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഉപയോഗം മാത്രമുള്ള സാഹചര്യത്തിലാണിത്.
പുതിയ മൊബൈൽ ടവറുകൾ പണിതും, നിലവിലുള്ള മൊബൈൽ ടവറുകളുടെ ശേഷി വർധിപ്പിക്കുന്ന കാര്യത്തിലുമാണ് പാകിസ്ഥാൻ ശ്രദ്ധചെലുത്തുന്നത്. ഡൽഹിയിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിലെ ടെലിഫോൺ ശൃംഖല ശക്തിപ്പെടുത്തി, കശ്മീരിലേക്കു നുഴഞ്ഞുകയറിയ ഭീകരരെ സഹായിക്കാനാണ് ഈ പദ്ധതിയെന്നാണ് ആദ്യമൊക്കെ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് തടയാനാകാത്ത പാക്ക് ടെലികോം സേവനങ്ങൾ കശ്മീരികൾ ഉപയോഗിക്കണമെന്നതാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്. പാക്ക് പദ്ധതി നടപ്പായാൽ ഇന്ത്യൻ ടെലിഫോൺ കമ്പനികൾക്ക് പകരമായി കശ്മീർ നിവാസികൾക്ക് പാക്ക് കമ്പനികളുടെ സേവനങ്ങളും ഉപയോഗിക്കാൻ കഴിയുന്ന സ്ഥിതിയിലാവും. ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലുമായി 38 സ്ഥലങ്ങളിൽനിന്നുള്ള സിഗ്നലുകളാണ് പാക്ക് ടെലികോം സേവനദാതാക്കളായ സ്പെഷൽ കമ്യൂണിക്കേഷൻസ് ഓർഗനൈസേഷൻ (എസ്‌സിഒ) വിലയിരുത്തിയത്.