ലീഗ്- സിപിഎം കള്ളപ്പണ സഹകരണം പൊളിച്ച് ആദായനികുതി വകുപ്പ്
മലപ്പുറം: പുറമെ ശത്രുക്കളാണെങ്കിലും കള്ളപ്പണത്തിന്റെ കാര്യത്തില്‍ സിപിഎമ്മും ലീഗും നടത്തിയ സഹകരണം പൊളിച്ചത് അപ്രതീക്ഷിത ആദായ നികുതി റെയ്ഡ്. എല്ലാ അന്വേഷണങ്ങളെയും അട്ടിമറിച്ച് എആര്‍ നഗര്‍ സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപം സുരക്ഷിതമായി കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. സഹകരണവകുപ്പിന് ലഭിച്ച പരാതികളിന്മേല്‍ നടത്തേണ്ടിയിരുന്ന അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു.
എന്നാല്‍ 2021 മാര്‍ച്ച് 26, 27, 28 തീയതികളില്‍ ആദായനികുതി വകുപ്പ് ബാങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കെ. ഹരികുമാറിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇതില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ ആധികാരികത ഉറപ്പാക്കാന്‍ സഹകരണവകുപ്പിനോട് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ വിവരം പുറംലോകമറിയുന്നത്. 53 പേരുടെ അക്കൗണ്ടുകളിലെ 103 ലക്ഷം രൂപ ആദായനികുതിവകുപ്പ് കണ്ടുകെട്ടി. കെവൈസി രേഖകളില്ലാത്ത 257 കസ്റ്റമര്‍ ഐഡി പരിശോധിക്കാന്‍ ആദായനികുതിവകുപ്പ് സഹകരണ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്ന് സഹകരണവകുപ്പിലെപ്രത്യേകസംഘം ബാങ്കില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് തട്ടിപ്പിന്റെ ആഴം വെളിയില്‍ വന്നത്.
തുടര്‍ന്ന് ആദായനികുതിവകുപ്പ് ചൂണ്ടിക്കാട്ടിയ 257 അക്കൗണ്ട് ഉടമകള്‍ക്കും നേരിട്ട് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാന്‍ രജിസ്‌റ്റേര്‍ഡ് തപാലില്‍ കത്തയച്ചെങ്കിലും ഉടമസ്ഥനെ കണ്ടെത്താനാവാതെ കത്തുകള്‍ മടങ്ങി. ഇവരുടെ വിലാസമോ ഫോണ്‍നമ്പറോ ബാങ്കില്‍ ലഭ്യമല്ല. ഇവര്‍ക്ക് ബാങ്കില്‍ അംഗത്വവുമില്ല. ഒരു കസ്റ്റമര്‍ ഐഡിയില്‍ ഒരു അക്കൗണ്ടേ പാടുള്ളൂ എങ്കിലും 257 ഐഡികളില്‍ 862 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 10 വര്‍ഷം 110 കോടി രൂപയുടെ ഇടപാടുകളാണ് ആളറിയാത്ത ബിനാമി അക്കൗണ്ടുകള്‍ വഴി നടന്നിരിക്കുന്നത്. ആദായനികുതി വകുപ്പ് സെക്ഷന്‍ 269 ടി പാലിക്കാതെ പത്തുവര്‍ഷം ബാങ്കില്‍ 1021.53 കോടിയുടെ ഇടപാടുകളും നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി.
കണ്ണമംഗലം പഞ്ചായത്തിലെ അംഗന്‍വാടി ടീച്ചറായിരുന്ന ദേവി അംഗന്‍വാടിക്ക് അടുക്കള നിര്‍മിക്കാന്‍ ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുന്നതിനായി എആര്‍ നഗര്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുറന്ന് ഈ അക്കൗണ്ടില്‍ കാര്യമായ ഇടപാടൊന്നും നടത്തിയതുമില്ല. എന്നാല്‍ ബാങ്കിലെ 80 ലക്ഷം രൂപ നിക്ഷേപത്തിന്റെ സാമ്പത്തിക സ്രോതസ് കാണിക്കണമെന്നാവശ്യപ്പെട്ട് ദേവിക്ക് ആദായനികുതി വകുപ്പിന്റെ കത്ത് ലഭിച്ചു.
ദേവി അറിയാതെയാണ് അക്കൗണ്ടില്‍ 80 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവി തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. മോനു, അമ്മുശ്രീ, സെക്രട്ടറി സസ്പെന്‍സ് ഓഫ് ഇന്‍കം ആന്‍ഡ് എക്സ്പെന്റിച്ചര്‍ എന്നീ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 12 കോടിയോളം രൂപയാണ് അടിച്ചുമാറ്റിയിട്ടുണ്ട്. മോനു. സി, അമ്മുശ്രീ എന്നീ അക്കൗണ്ട് ഉടമകളുടെ വിലാസത്തില്‍ അന്വേഷണസംഘം കത്തയച്ചെങ്കിലും ആളില്ലാതെ കത്ത് മടങ്ങി. ഗഹാന്‍ ഫീസായി ബാങ്കിലേക്ക് വരേണ്ട പണവും ബാങ്കിലെ മറ്റ് നിക്ഷേപകരുടെ പലിശയടക്കം ഈ അക്കൗണ്ടുകളിലേക്ക് വകമാറ്റിയിട്ടുണ്ട്.
എആര്‍ നഗര്‍ പഞ്ചായത്ത് മാത്രം പ്രവര്‍ത്തനപരിധിയുള്ള എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൂര്‍ സ്വദേശി വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവിയുടെ പേരില്‍ വിവിധ കസ്റ്റമര്‍ ഐഡികളില്‍ വിവിധ അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് 20 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ 50 ലക്ഷം രൂപയുടെ വായ്പ വഴിവിട്ട് നല്‍കി. ഒരു രൂപ അടയ്ക്കാതെ ആദ്യവായ്പ എഴുതിത്തള്ളി. ആദ്യ വായ്പതുകയ്ക്ക് മുഴുവന്‍ പലിശ റിബേറ്റും നല്‍കി.
ഇങ്ങിനെ സിപിഎം നേതാക്കളും ലീഗ് നേതാക്കളും പരസ്പരം സഹായിച്ചും സഹകരിച്ചും നടത്തിയ തട്ടിപ്പുകള്‍ മുഴുവന്‍ വെളിച്ചം കണ്ടപ്പോഴാണ് ഇഡിയുടെ ഇടപെടലെന്ന ആവശ്യവുമായി കെ.ടി. ജലീല്‍ രംഗത്തെത്തിയത്. ഇതോടെ ജലീലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ സിപിഎമ്മും ലീഗും ധാരണയിലെത്തി. സ്വര്‍ണക്കടത്തിലും ഖുറാന്‍ കടത്തിലുമെല്ലാം ആരോപണവിധേയനായി നില്‍ക്കുന്ന ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും കൈയൊഴിഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെ തൊടുത്ത ആരോപണങ്ങളെല്ലാം സിപിഎമ്മിനെതിരെ വന്നപ്പോഴാണ് ജലീലിനോട് നിശബ്ദനാവാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതെല്ലാം തള്ളിക്കളഞ്ഞ് ജലീല്‍ മുന്നോട്ടുപോവുകയാണ്. ഇതോടെ സ്വര്‍ണക്കടത്ത് കേസിലും ഖുറാന്‍ കടത്ത് കേസിലുമെല്ലാം സിപിഎം സംരക്ഷണ കവചത്തിലിരുന്ന ജലീലിനെ അവര്‍ പുറന്തള്ളാന്‍ ഒരുങ്ങുകയാണ്. ഫലത്തില്‍ ലീഗ്- സിപിഎം കള്ളപ്പണ സഹകരണ സംഘം ജലീലിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള വഴി തേടുകയാണ്.