Kerala NewsLatest NewsUncategorized

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണയിൽ യുവതിക്ക് കാറിൽ സുഖപ്രസവം

മൂന്നാർ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് കാറിൽ സുഖപ്രസവം. ഇടുക്കി വട്ടവടയിലാണ് സംഭവം. വട്ടവട കോവിലൂർ സ്വദേശി കൗസല്യ (20) ക്കാണ് ആംബുലൻസ് ജീവനക്കാരുടെ അവസരോചിത പരിചരണത്തിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകിയത്. അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവം ഇങ്ങനെ

ചൊവ്വാഴ്ച പുലർച്ചെ 1.55ന് കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൗസല്യയെ ബന്ധുക്കൾ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ഇവർ 108 ആംബുലൻസിന്റെ സേവനവും തേടി. കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ അത്യാഹിത സന്ദേശം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബി.എസ്. അജീഷ്, പൈലറ്റ് നൗഫൽ ഖാൻ എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു.

യാത്രാമധ്യേ കൗസല്യയുടെ നില വഷളാകുകയും തുടർന്ന് കാറിൽ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയുമായി. പാമ്പാടുംചോല ദേശിയ പാർക്കിന് സമീപം വച്ച് കനിവ് 108 ആംബുലൻസ് എത്തുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജീഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ കൗസല്യയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യം ആണെന്നും മനസിലാക്കി.

ഉടൻ തന്നെ അജീഷും നൗഫലും കാറിനുള്ളിൽ വച്ചുതന്നെ പ്രസവം എടുക്കേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 2.15ന് കാറിനുള്ളിൽ വച്ച് അജീഷിന്റെ പരിചരണത്തിൽ കൗസല്യ കുഞ്ഞിന് ജന്മം നൽകി. പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിന് ഉള്ളിലേക്ക് മാറ്റി.

ഉടൻ തന്നെ അമ്മയേയും കുഞ്ഞിനെയും മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലും തുടർന്ന് അടിമാലിയിൽ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.സമയബന്ധിതമായി പ്രവർത്തിച്ച 108 ആംബുലൻസ് ജീവനക്കാരെ ആരോഗ്യ മന്ത്രി വീണ ജോർജ്അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button