കന്യാസ്ത്രീകളുടെ അറസ്റ്റ്: നീതി ലഭിക്കാതെ വന്നാൽ പ്രതിസന്ധി ഗുരുതരമാകും – കെസിബിസി അധ്യക്ഷൻ

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്താകെ ഗൗരവമായി കാണേണ്ട വിഷയമാണെന്ന് കെസിബിസി അധ്യക്ഷൻ കാർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുന്നറിയിപ്പ് നൽകി.
“നീതി ലഭിക്കാതെ വന്നാൽ എന്ത് സൗഹൃദവും, എന്ത് സഹോദര്യവും? നീതി ലഭിച്ച ശേഷം മാത്രമേ ചായ കുടിക്കാൻ കഴിയൂ,” എന്നും കാതോലിക്ക ബാവ വ്യക്തമാക്കി.
അടുത്ത നടപടികളിനെ ആശ്രയിച്ചായിരിക്കും സഭയുടെ നിലപാടുകൾ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ക്രിസ്ത്യാനികളുടെ പ്രശ്നമെന്ന നിലയിൽ മാത്രം കാണരുത്. സ്വന്തം രാജ്യത്ത് രണ്ട് സന്യാസിനിമാർ അപമാനിക്കപ്പെടുന്നു എന്ന രീതിയിൽ സമൂഹം കാണണം. എല്ലാവരും ചേർന്ന് നിലകൊള്ളേണ്ട സമയമാണിത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദേശം ഒന്നാകെ പ്രതികരിക്കണം,” എന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. യുഡിഎഫ് എംപിമാർ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ദുർഗ് സെഷൻസ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കി. അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയെ സമീപിക്കണമെന്ന് നിർദേശിച്ചു. മജിസ്ട്രേറ്റ് കോടതി മുമ്പ് അപേക്ഷ തള്ളിയിരുന്നു. കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് ബജ്റംഗ്ദൾ അഭിഭാഷകൻ അറിയിച്ചു.
Tag: Arrest of nuns: Crisis will worsen if justice is not served – KCBC president