ഭർത്താവ് വാങ്ങിയ കോടികളും സ്വർണ്ണവും തിരികെ നൽകണം, പ്രതിമാസം 70000 രൂപ ചിലവിനും..

ഇരിങ്ങാലക്കുട/ ഭർത്താവും വീട്ടുകാരും ചേർന്ന് തട്ടിയെടുത്ത കോടിക്കണക്കിനു രൂപയും, സ്വർണ്ണാഭരങ്ങളും പ്രതിമാസം കുടുംബ ചിലവും കിട്ടാനായി ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശിനിയുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഭർത്താവിന്റെ വീട്ടുകാർ യുവതിയുടെ കൈയ്യിൽ നിന്നും വാങ്ങിയ 424 പവൻ സ്വർണാഭരണങ്ങളും, 2,97,85,000 രൂപയും പ്രതിമാസം ചിലവിന് 70,000 രൂപയും ഭർത്താവിൽ നിന്ന് ലഭിക്കാൻ യുവതിക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്.
2012 ലായിരുന്നു യുവതിയും കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതുവുമായുള്ള വിവാഹം നടന്നത്. ഭർത്താവ് ശ്രീതുവിന് പുറമെ, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, ഭർതൃസഹോദരന്റെ ഭാര്യ ശ്രീദേവി എന്നിവർക്കെതിരെയാണ് യുവതി കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നത്.
യുവതിയുടെ ഭർത്താവ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ എൻആർഐ ക്വാട്ടയിൽ എംഡി കോഴ്‌സിനുവേണ്ടി 1.11 കോടി രൂപ തന്റെ വീട്ടുകാരോട് വാങ്ങിയെന്നും, വീട് വയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും കാണിച്ചാണ് യുവതി കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നത്. ഭർത്താവിൽ നിന്നും ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപെട്ടു മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ഡോ. ശ്രീതു നൽകിയ ഹർജിയും കോടതി തള്ളുകയായിരുന്നു.