താനൊരു തുറന്ന പുസ്തകമാണെന്നും മറച്ചു വെക്കാനൊന്നുമില്ലെന്നും തവനൂരിലെ സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍

തവനൂര്‍: താനെപ്പോഴും തുറന്ന പുസ്തകമാണെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ്കുന്നംപറമ്പില്‍. തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആരോപണങ്ങളായി തന്നെ നിലനില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്.
സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ ഇതിന് സാധിക്കൂ. നിയമസഭയില്‍ ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമായി മാറണം. ചാരിറ്റിയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതില്ല- ഫിറോസ് പറഞ്ഞു.
കോണ്‍ഗ്രസാണ് ആദ്യം സീറ്റു വാഗ്ദാനം ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. താനിപ്പോഴും ലീഗ് അനുഭാവിയാണ്. യുഡിഎഫ് സംവിധാനത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ലീഗ് വേര്‍തിരിവുകള്‍ ഒന്നും യുഡിഎഫിലില്ല. മുന്നണി സംവിധാനം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുക- ഫിറോസ് കൂട്ടിച്ചേര്‍ത്തു.
മത്സരിക്കാനായി മലപ്പുറത്തെ സീറ്റ് എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനമാണ് എന്നായിരുന്നു ഫിറോസിന്റെ മറുപടി. ‘പാര്‍ട്ടി ഒരു സീറ്റില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അത് അനുസരിക്കുക മാത്രം. പിന്നെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലുടനീളം ഓടിനടന്ന ഒരാള്‍ക്ക് പാലക്കാടും തവനൂരും തമ്മില്‍ വ്യത്യാസമില്ല. മണ്ഡലത്തില്‍ വിജയിച്ചാല്‍ അവിടെത്തന്നെ വീട് എടുത്ത് താമസിക്കും’ – ഫിറോസ് വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തത് എന്നും യുഡിഎഫ് അനുഭാവിയാണ് എന്നതു കൊണ്ട് ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി എന്നും ഫിറോസ് ചൂണ്ടിക്കാട്ടി.