മതവിദ്വേഷ കാർട്ടൂണിന്റെ പേരിൽ സംഘർഷം, വെടിവെപ്പ് രണ്ടു പേർ മരിച്ചു.

കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ സഹോദരീ പുത്രൻ ഫേസ് ബുക്കിൽ ഇട്ട മതവിദ്വേഷം കാർട്ടൂണിന്റെ പേരിൽ ഉണ്ടായ സംഘർഷത്തിലും വെടിവെപ്പിലും രണ്ടു പേർ മരിച്ചു. എംഎൽഎയുടെ വീടിനും പൊലീസ് സ്റ്റേഷനും നേരെ ജനക്കൂട്ടം ആക്രമണം നടത്തിയമ്പോൾ അവരെ പിരിച്ചുവിടാൻ ചൊവ്വാഴ്ച രാത്രി പൊലീസ് നടത്തിയ വെടിവെയ്പിൽ ആണ് രണ്ടു പേർ മരണപ്പെട്ടത്. ആക്രമണങ്ങളിൽ 60 ഓളം പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ സഹോദരി പുത്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിലാണ് സംഘർഷം ഉണ്ടായത്. ബുധനാഴ്ച രാത്രി 8 മണിയോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേരെ അക്രമികൾ കല്ലേറു നടത്തുകയായിരുന്നു. പിന്നീടവർ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ അക്രമം അഴിച്ചു വിടുകയും, കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിൽ 15 ഓളം വാഹനങ്ങൾക്ക് തീയിടുകയുമായിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെയാണ് പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തത്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.