ഭീകരതയും രഹസ്യ ആണവ വ്യാപാരവും വംശീയമായ നാശപ്രക്രിയയുമാണ് ഏഴു പതിറ്റാണ്ടുകാലമായി ലോകത്തിനു പാക്കിസ്ഥാൻ നൽകുന്ന സംഭാവന.

ഭീകരതയും രഹസ്യ ആണവ വ്യാപാരവും വംശീയമായ നാശപ്രക്രിയയുമാണ് ഏഴു പതിറ്റാണ്ടുകാലമായി ലോകത്തിനു ലോകത്തിനു പാക്കിസ്ഥാൻ നൽകുന്ന സംഭാവനയെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ. യുഎൻ പൊതുസഭയെ വിഡിയോയിലൂടെ അഭിസംബോധന ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി പറയുമ്പോഴാണ് ഇന്ത്യൻ പ്രതിനിധി മിജിറ്റോ വിനിറ്റോ ഇക്കാര്യം പറഞ്ഞത്.
വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവർക്കു ഭ്രഷ്ടു കൽപ്പിക്കണമെന്നാണ് എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സഭയോട് പാക്കിസ്ഥാനിലെ നേതാവ് ആഹ്വാനം ചെയ്തത്. ഈ വാക്കുകൾ അമ്പരപ്പിക്കുന്നതാണ്. അദ്ദേഹം സ്വന്തം കാര്യം പരാമർശിച്ചതാണോ എന്നാണു സംശയം. സ്വന്തമായി എടുത്തുകാണിക്കാനൊന്നുമില്ലാത്ത അദ്ദേഹത്തിന് ലോകത്തോടു പറയാൻ നല്ല നിർദേശങ്ങൾ ഒന്നും ഇല്ല. അതിനുപകരം നുണകളും തെറ്റിദ്ധാരണയും പരത്താനാണു ശ്രമിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം സംഘത്തിലെ ഫസ്റ്റ് സെക്രട്ടറിയായ വിനിറ്റോ പറഞ്ഞു.
ജമ്മു കശ്മീർ അടക്കം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഇമ്രാൻ സംസാരിച്ചതിൽ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. നേരത്തേ, ഇമ്രാൻ ഇന്ത്യയെക്കുറിച്ച് ആരോപണം ഉന്നയിക്കാൻ തുടങ്ങിയതോടെ വിനിറ്റോ സഭയിൽ നിന്നു വോക്കൗട്ട് നടത്തിയിരുന്നു. കശ്മീർ പ്രശ്നം അന്താരാഷ്ട്ര ഇടപെടലിലൂടെ പരിഹരിക്കാതെ ദക്ഷിണേഷ്യയിൽ സമാധാനമുണ്ടാവില്ലെന്നും, ഇന്ത്യൻ സർക്കാർ ന്യൂനപക്ഷ വിരുദ്ധമാണെന്നും ഇമ്രാന്‍റെ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
ഒരു രാജ്യമെന്ന നിലയിൽ പാക്കിസ്ഥാൻ ലോകത്തിനു നല്ലതൊന്നും നൽകിയിട്ടില്ല. ഏറ്റവുമധികം ഭീകരരെ പോറ്റിവളർത്തുന്ന നാടാണു പാക്കിസ്ഥാൻ. കൊടും ഭീകരർക്ക് രാജ്യത്തിന്‍റെ ഫണ്ടിൽ നിന്നു പെൻഷൻ നൽകുന്ന രാജ്യമാണവർ. ഒസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ പാക് പാർലമെന്‍റിൽ വിശേഷിപ്പിച്ച നേതാവാണ് ഇപ്പോൾ ലോകത്തെ ഉപദേശിക്കുന്നത്വി എന്നും നിറ്റോ കുറ്റപ്പെടുത്തി.
ഹിന്ദുക്കളും ക്രൈസ്തവരും സിഖുകാരും അടക്കം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന രാജ്യം പാക്കിസ്ഥാനാണ്. നിർബന്ധിത മതപരിവർത്തനങ്ങളാണ് അവിടെ നടക്കുന്നത്. മുസ്ലിംകളുടെ ചാംപ്യൻ എന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാനിൽ ഒരുവിഭാഗം മുസ്ലിംകളെ ഇല്ലായ്മ ചെയ്യുകയാണ്. മുപ്പത്തൊമ്പതു വർഷം മുൻപ് ദക്ഷിണേഷ്യയിലേക്കു വംശഹത്യ കൊണ്ടുവന്നതു പാക്കിസ്ഥാനാണ്. സ്വന്തം ആളുകളെ തന്നെ അവർ കൊന്നുതള്ളി. ഇത്രയേറെ വർഷമായിട്ടും അതിനൊരു മാപ്പു പോലും അവർ പറഞ്ഞില്ല. അയൽ രാജ്യത്തിനെതിരേ ഭീകരാക്രമണങ്ങൾ സ്പോൺസർ ചെയ്യുകയാണ് ഇപ്പോൾ. ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിൽ പാക്കിസ്ഥാൻ ഇടപെടേണ്ടതില്ല. കശ്മീരിൽ അവശേഷിക്കുന്ന തർക്കം പാക്കിസ്ഥാന്‍റെ അനധികൃത കൈയേറ്റമാണ്. ഇപ്പോൾ പാക് അധീനതയിലുള്ള കശ്മീരിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറണം. ആഗോള സമാധാനത്തിന് പാക് പിന്തുണയുള്ള ഭീകരർ ഉയർത്തുന്ന ഭീഷണി യുഎന്‍ അജൻഡയിൽ ഉണ്ടാവണം- വിനിറ്റോ പറഞ്ഞു.