പി.എസ്.സി റാങ്ക് പട്ടിക നീട്ടില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകള്‍ നീട്ടാനാവില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക് പട്ടികകള്‍ നീട്ടാനാവില്ലെന്ന് നിലപാടില്‍ ഉറച്ചു നിന്ന്്്് മുഖ്യമന്ത്രി. ഇക്കാര്യം നിയമസഭയിലാണ് അദ്ദേഹം പറഞ്ഞത്.
പിഎസ്സി റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നതെന്നും കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ കൂടുതല്‍ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ലെന്നും നിയമനം പരമാവധി പിഎസ്സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും പ്രതിപക്ഷത്തിന്റേത് പിഎസ്സിയുടെ യശസ്സ് ഇടിച്ചുതാഴ്ത്തുന്ന നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റാങ്ക് പട്ടികകള്‍ നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി നിയമപരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.