വെടിനിർത്തൽ കരാർ ലംഘനം, പാക് ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

ഇന്ത്യ പാക്ക് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് ഹൈകമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെ ജമ്മു കശ്മീരിൽ അതിക്രമം അഴിച്ചു വിടാനും അത് വഴി സമാധാനം തകർക്കാനുമാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഉത്സവ കാലത്ത് നടത്തിയ പ്രകോപനപരമായ നീക്കം അപലപനീയമാണ്. നിരപരാധികളായ ജനങ്ങളെ മനപൂർവ്വം പാകിസ്താൻ സൈന്യം ലക്ഷ്യമിടുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കശ്‍മീരിലെ ഉറി, കുപ്‍വാര മേഖലകളിലായിരുന്നു പാക് പ്രകോപനത്തിലും, ആക്രമണത്തിലും, രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ എട്ട് പാക് സൈനികർ കൊല്ലപ്പെടുകയുണ്ടായി.