സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ആഗസ്റ്റ് 25നുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫയലുകൾ മാത്രമാണ് കത്തിയതെന്നും സാനിറ്റൈസർ കത്തിയില്ലെന്നും തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്. ഇതാണ് സർക്കാരും ആവർത്തിച്ചിരുന്നത്. ഇതിനെ പാടെ തളളുന്നതാണ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ.
തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാ കെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ 25ഓളം ഫയലുകൾ ഭാഗികമായി കത്തിയെന്നാണ് സർക്കാർ നിയോഗിച്ച ദുരന്തനിവാരണ കമീഷണർ ഡോ.എ. കൗശിഗന്റെ നേതൃത്വത്തിലെ നാലംഗസമിതി നടത്തിയ തെളിവെടുപ്പിൽ വ്യക്തമാക്കിയിരുന്നത്.തീപടിത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചാണ് ഫോറൻസിക് റിപ്പോർട്ട് തയാറാക്കിയത്. ഈ സാമ്പിളുകളിൽ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് രണ്ട് അന്വേഷണ സംഘങ്ങളെ സർക്കാർ നിയോഗിച്ചു. പൊലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവും.