മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്പോല തിട്ടൂരം ഉണ്ടാക്കിയത് 1960കളിലെന്ന് എം.ജി. ശശിഭൂഷണ്‍
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍നിന്ന് പിടികൂടിയ ശബരിമല ചെമ്പോല തിട്ടൂരം 1964ലോ 65ലോ നിര്‍മിച്ചതാണെന്ന് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. ചെമ്പോല വ്യാജമാണെന്ന് വ്യക്തമാക്കുന്ന ആധികാരികമായ തെളിവുണ്ടെന്നും ശബരിമലയില്‍ അവകാശവാദം ഉന്നയിക്കുന്നതിനായുള്ള കോടതി വ്യവഹാരത്തിനായാണ് ഈ ചെമ്പോല നിര്‍മിച്ചതെന്നും അത് നിര്‍മിച്ചത് ആരാണ് എന്നത് അടക്കമുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പോലയില്‍ കൊല്ലവര്‍ഷം, മാസം എന്നിവ പറയുന്നുണ്ട്. എന്നാല്‍ തീയതി പറയുന്നില്ല. ധനുമാസത്തിലെ ഒരു ഞായറാഴ്ചയാണ് ചെമ്പോല കൊടുക്കുന്നത് എന്നാണ് പറയുന്നത്. ധനുമാസത്തില്‍ ഒരു ഞായര്‍ അല്ലല്ലോ ഉള്ളത്. ചെമ്പോലയില്‍ അനന്തരായന്‍ പണം എന്ന ഒരു നാണയത്തെക്കുറിച്ച് പറയുന്നുണ്ട്. 17-ാം നൂറ്റാണ്ടാണ് ചെമ്പോലയുടെ കാലമായി പറയുന്നത്. എന്നാല്‍ 17ാം നൂറ്റാണ്ടില്‍ അനന്തരായന്‍ പണമില്ല. പന്തളം രാജാവാണ് ചെമ്പോല നല്‍കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ പന്തളം രാജവംശം അക്കാലത്ത് അറിഞ്ഞിരുന്നത് പന്തളം രാജവംശം എന്ന പേരിലല്ല.
1965-66 കാലത്താണ് ചെമ്പോലയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ ഉണ്ടാകുന്നത്. 1964ല്‍ അല്ലെങ്കില്‍ 65ല്‍ ആണ് ചെമ്പോല നിര്‍മിക്കുന്നത്. അതിവിദഗ്ധനായ ഒരാളാണ് ഇത് തയ്യാറാക്കിയത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യ പരിചയം മാത്രമുള്ള ഒരാള്‍ ചെമ്പോലയെ യഥാര്‍ഥമായ ഒന്നായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. എവിടെവെച്ചാണ് തയ്യാറാക്കിയത്, ഇതുണ്ടാക്കാന്‍ എത്ര രൂപ കൈപ്പറ്റി തുടങ്ങിയ കാര്യങ്ങളും തനിക്കറിയാമെന്നും ശശിഭൂഷണ്‍ പറഞ്ഞു.
ചെമ്പോല വായിച്ചു എന്ന് വെളിപ്പെടുത്തിയ ചരിത്രകാരന്‍ എം.ആര്‍. രാഘവവാര്യര്‍ക്ക് ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാവുന്നതാണ്. എന്നാല്‍ അദ്ദേഹം ചെമ്പോലയുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയില്ല. അദ്ദേഹം ആരെയോ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് എന്നതില്‍ ഒരു സംശയവുമില്ല.
തൃശൂരിലെ ഒരു നാണയ സമിതിയിലെ അംഗത്തിന് തിരുവനന്തപുരത്തുനിന്നാണ് ഈ രേഖ കിട്ടിയത്. തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകന്റെ കൈയില്‍നിന്നാണ് ഇത് പുറത്തുപോയത്. ഇത്രയും കാര്യങ്ങള്‍ വ്യക്തമാണ്. വ്യാജ പുരാരേഖയാണെന്ന് മനസിലാക്കാതെയാകാം ഇത് വാങ്ങിയതെന്നും ശശിഭൂഷണ്‍ പറഞ്ഞു.