ബ്രസീലില്‍ നിന്നും ചൈനയിൽ കൊവിഡുമായി ചിക്കനെത്തി.

ബ്രസീലില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ചിക്കനില്‍ കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈനീസ് അധികൃതരുടെ വെളിപ്പെടുത്തൽ. ചൈനയിലെ ഷെന്‍സന്‍ നഗരത്തില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ നടത്തിയ പരിശോധനയിൽ, ചിക്കനില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. ബ്രസീലിലെ സാന്റാ കാതറീനയില്‍ നിന്നുമാണ് ചിക്കന്‍ ചൈനയിലേക്ക് ഇറക്കുമതി ചെയ്തത്.
ബീജിംഗിലെ സീഫുഡ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെയാണ് ഇറക്കുമതി ചെയ്ത ചിക്കന്‍ പാക്കേജുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ചിക്കന്‍ പാക്കേജുകളുമായി ബന്ധപ്പെട്ട എല്ലാവരെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കി, ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തോടെ ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ചൈനീസ് ഭരണകൂടം കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചൈനയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡ് പാക്കേജുകളില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതാണ്. കിഴക്കന്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ യാന്റായി നഗരത്തിലെ മൂന്ന് കമ്പനികൾ വാങ്ങിയ സീഫുഡ് പാക്കേജുകളുടെ പുറത്താണ് വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. ജൂലൈ മാസത്തിൽ ഇക്വഡോറില്‍ നിന്നും ചൈനയിൽ ഇറക്കുമതി ചെയ്ത ചെമ്മീന്‍ പാക്കേജുകളില്‍ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതാണ്. തുടര്‍ന്ന് മൂന്ന് ഇക്വഡോറിയന്‍ കമ്പനികളിൽ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിർത്തലാക്കിയിരുന്നു.