ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ ജാമ്യാപേക്ഷകൾ കോടതി തള്ളി,ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകും.

സ്ത്രീവിരുദ്ധ വീഡിയോകള്‍ പ്രസിദ്ധീകരിച്ച് വിവാദം സൃഷ്ട്ടിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകൾ കോടതി തള്ളി. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എ്ന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. നേരത്തെ ഭാഗ്യലക്ഷ്മിയും സംഘവും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയിൽ ഉള്ള എതിര്‍പ്പ് അറിയിച്ചത്. പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
വിജയ് പി നായരുടെ വീട്ടില്‍ കയറി തല്ലി മുണ്ട് പറിക്കുകയും, ചൊറിയണം തേച്ച് തെറിവിളിച്ച് ലാപ്‌ടോപ്പും മൊബൈലും മോഷ്ടിച്ചു, എന്ന കേസില്‍ ആണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവർക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികൾക്കും മുൻകൂർജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സർക്കാർ കോടതിയിൽ വാദിക്കുകയായിരുന്നു. രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ കേസ് പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കുന്നത്.
അതേസമയം ഇവര്‍ അകത്തായാല്‍ വിജയ് പി നായര്‍ പുറത്തിറങ്ങുമോ എന്ന ചോദ്യവും വരുന്നുണ്ട്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂടൂബര്‍ വിജയ് പി നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്. പൊലീസ് ജാമ്യം നൽകുന്നതിനെ എതിര്‍ത്തെങ്കിലും ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ റിമാന്‍ഡിലാണ് വിജയ് പി നായര്‍. മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ഇയാള്‍ക്ക് ഈ ഘട്ടത്തില്‍ പുറത്തിറങ്ങാൻ കഴിയില്ല.
സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് വിജയ് പി. നായര്‍ റിമാന്‍ഡിൾ കഴിയുന്നത്. ഇതിനിടെ യുട്യൂബ് വീഡിയോയിലൂടെ സാമൂഹിക സാംസ്‌കാരിക സിനിമ മേഖലകളിലെ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ വിജയ് നായരെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സർക്കാർ എതിർത്ത നടപടി സ്ത്രീ സംഘടകളിൽ നിന്ന് പ്രഷേധം ഉണ്ടാകാൻ വഴിയൊരുക്കിയേക്കും.
അതേസമയം സര്‍ക്കാര്‍ നിലപാടിൽ മാറ്റം ഉണ്ടായതിൽ പ്രതിഷേധിച്ചു പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരെ യു ട്യൂബ് ചാനലിലൂടെ മോശം പരമാര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഭാഗ്യലക്ഷ്മി ആരോപണം ഉന്നയിച്ചിരുന്നു. വിജയ് പി. നായര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, നടപടിയെടുക്കാൻ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും കത്തില്‍ ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു. ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഭാഗ്യലക്ഷ്മി നേരിട്ട് പ്രതിഷേധവുമായെത്തുന്നത്. ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിര ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും, വിജയ് പി നായര്‍ക്കെതിരെ ലഘുവായ വകുപ്പുള്‍ മാത്രം ചുമത്തുകയും ചെയ്തതിൽ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീടാണ് വിജയ് നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത്.
ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും നടപടിയെ പ്രശംസിച്ചുക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തുവന്നിരുന്നതാണ്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു എങ്കിലും, കോടതിയിൽ കേസെത്തുമ്പോൾ സർക്കാർ നിലപാട് മലക്കം മറിയുന്ന പോലെ ആവുകയായിരുന്നു.