വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ മരിച്ചു.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സ്റ്റേഷനിൽ വെച്ച് രാധാകൃഷ്ണനെ സി.ഐ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നതാണ്.
ഒക്ടോബർ ഒന്നിനാണ് വിളപ്പിൽശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ സ്റ്റേഷനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്ക പെട്ടിരുന്ന രാധാകൃഷ്ണൻ വെള്ളിയാഴ്ച രാവിലെയാണ് മരിക്കുന്നത്. ഒരു മാസത്തോളമായി രാധാകൃഷ്ണന്‍ സി ഐ യിൽ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പരാതിപ്പെടുന്നു. രാധാകൃഷ്ണൻ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സിഐ കീറി കളയുന്ന സാഹചര്യമുണ്ടായെന്നും, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അവധി അനുവദിച്ചിരുന്നില്ലെന്നും, സഹോദരൻ വിനോദ് പറയുന്നുണ്ട്. സ്റ്റേഷനില്‍ വെച്ച് രാധാകൃഷ്ണന് മര്‍ദ്ദനമേറ്റെന്ന സംശയമുണ്ടെന്ന് ഭാര്യ പ്രിയയും ആരോപിക്കുന്നു. ആരോപണങ്ങള്‍ പോലീസ് അധികൃതർ നിഷേധിച്ചിട്ടുണ്ട്. എന്നാൽ ബന്ധുക്കൾ നൽകിയ പരാതിയെപ്പറ്റി പരിശോധിക്കുമെന്ന് റൂറൽ എസ്പി ബി അശോകൻ പ്രതികരിച്ചിട്ടുണ്ട്.