കാരാട്ട് ഫൈസലിന് ലഭിച്ച സി പി എം വോട്ടുകൾ ചുണ്ടപ്പുറത്തെ സി.പി.എം ബ്രാഞ്ചിന്റെ കഴുത്തറുത്തു.

കോഴിക്കോട് / സ്വർണക്കടത്ത് കേസിൽ ദേശീയ ഏജൻസികൾ ചോദ്യം ചെയ്തതോടെ താരമായി മാറിയ കാരാട്ട് ഫൈസലിന് ലഭിച്ച സി പി എം വോട്ടുകൾ ചുണ്ടപ്പുറത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ കഴുത്തറുത്തു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് ലഭിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതെ സി പി എം പ്രവര്‍ത്തകര്‍ കാരാട്ട് ഫൈസലിനു വോട്ട് ചെയ്യുകയായിരുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് കിട്ടിയത് സി പി എമ്മിന് നാണക്കേടുണ്ടാക്കിയ സംഭവമായി മാറി. തുടർന്നാണ് ചുണ്ടപ്പുറത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടത്. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി ഏരിയാ കമ്മിറ്റിയാണ് നടപടിയെടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടുപോലും ലഭിക്കാത്ത വിധത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് വോട്ടുമറിച്ച് കൊടുത്ത ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ട നടപടി സി പി എം ന്റെ മുഖംരക്ഷിക്കാനാണെന്നാണ് യു ഡി എഫും, ബി ജെ പിയും ആരോപിക്കുന്നത്.
മുനിസിപ്പാലിറ്റിയിലെ 15ാം ഡിവിഷനായ ചുണ്ടപ്പുറത്ത് ഐഎന്‍എല്‍ നേതാവ് ഒപി റഷീദായിരുന്നു എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നത്. ഫൈസലിന് 568 വോട്ട് ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി യു ഡി എഫിലെ കെ കെ എ ഖാദറിന് 495 വോട്ട് ലഭിച്ചു. ഫൈസലിന്റെ ഭൂരിപക്ഷം 73 വോട്ടാണ്. എന്നാല്‍ ഔദ്യോഗിക സ്ഥാനാർഥി റഷീദിന് വോട്ടൊന്നും ലഭിച്ചില്ല. കാരാട്ട് ഫൈസലിന്റെ അപരനായി എത്തിയ കെ ഫൈസലിന് ആകട്ടെ ഏഴു വോട്ടുകള്‍ ലഭിച്ചു. എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ കൂടെ നടന്നു വോട്ടു ചോദിച്ചവർ പോലും റഷീദിന് വോട്ട് ചെയ്തിട്ടില്ല. ഐ എന്‍ എല്‍ നേതാവ് പി ടി എ റഹിം എം എല്‍ എയാണ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കാരാട്ട് ഫൈസലിന്റെ പേര് നിർദേശിക്കുന്നത്. അതനുസരിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിച്ചു. എന്നാൽ സ്വര്‍ണകള്ളക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമായപ്പോൾ മറ്റൊരാളെ എൽ ഡി എഫ് പകരം ഇറക്കുകയായിരുന്നു. ഫൈസലിന്റെ വിജയത്തോടെ ഐ എൻ എൽ ആക്ഷേപം ഉന്നയിച്ചതോടെ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ജില്ലാ കമ്മിറ്റിയില്‍ വിഷയം റിപ്പോര്‍ട്ടുചെയ്തു. പാര്‍ട്ടി സംഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് ബ്രാഞ്ച് കമ്മിറ്റിയുടെ നിലപാടെന്നാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിനിടെ സിപിഎമ്മിന്റെ ചെങ്കൊടിയുമായി കാരാട്ട് ഫൈസല്‍,നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതിന്റെ പേരില്‍ വിവാദമായ ഫൈസലിന്റെ മിനി കൂപ്പറില്‍ കയറി വിജയാഹ്ലാദ പ്രകടനം നടത്തിയതും സംഭവ ബഹുലമായി.