സന്ദീപ് വധം രാഷ്ട്രീയവത്കരിക്കാനുള്ള സിപിഎം ശ്രമം പാഴാകുന്നു

തിരുവല്ല: കഴിഞ്ഞ ദിവസം നടന്ന സന്ദീപ്കുമാറിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്താനുള്ള സിപിഎം നീക്കം പാഴാകുന്നു. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്നു സന്ദീപ്. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും വ്യക്തിവിരോധം മൂലമാണ് കൊലപാതകമെന്നും പ്രതികള്‍ തന്നെ വ്യക്തമാക്കിയത് സിപിഎമ്മിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. കൊല്ലം മണ്‍ട്രോ തുരുത്തിലെ കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ നടത്തിയ ശ്രമം പൊളിഞ്ഞതു പോലെയാണ് പെരിങ്ങരയിലും സംഭവിച്ചത്.
സന്ദീപിന്റെ കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെ തന്നെ ഇതില്‍ രാഷ്ട്രീയമില്ലെന്നും ഗുണ്ടാ വിളയാട്ടമാണെന്നും പോലീസും ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ആദ്യ പ്രതികരണവും ഗുണ്ടാസംഘം സന്ദിപിനെ കുത്തിക്കൊലപ്പെടുത്തി എന്നുതന്നെയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം ആര്‍. മനു അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും ഗുണ്ടകള്‍ സന്ദീപിനെ കൊന്നുവെന്നായിരുന്നു.
കുത്തിയത് ജിഷ്ണുവും സംഘവും ആണെന്ന് മനസിലാക്കിയതോടെയാണ് രാഷ്ട്രീയക്കളിക്ക് അരങ്ങൊരുങ്ങിയത്. ജിഷ്ണു മുന്‍ ആര്‍എസ്എസുകാരന്‍ ആണെന്ന് അറിഞ്ഞു കൊണ്ട് കൊലയ്ക്ക് രാഷ്ട്രീയ മാനം കൊണ്ടു വരാന്‍ ശ്രമിച്ച നേതാക്കള്‍ അതിനിടയില്‍ മറ്റു പ്രതികളുടെ പശ്ചാത്തലം ശ്രദ്ധിക്കാതെ പോയി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ജിഷ്ണു, പ്രമോദ്, നന്ദുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് സിപിഎമ്മിന്റെ നീക്കം പൊളിഞ്ഞത്.
തനിക്ക് ബിജെപിയും ആര്‍എസ്എസുമായി കഴിഞ്ഞ ഒരു വര്‍ഷമായി ബന്ധമില്ലെന്ന് ജിഷ്ണു പോലീസിനോട് പറഞ്ഞു. മറ്റു രണ്ടു പ്രതികളും തങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അനുഭാവികളുമാണെന്ന് പറയുകയും ചെയ്തു. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ സന്ദീപിന്റെ വധത്തെ രാഷ്ട്രീയവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.