പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിലും സ്വപ്ന കമ്മീഷന്‍ വാങ്ങി.

തിരുവനന്തപുരം/ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിലും കമ്മീഷന്‍ വാങ്ങിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ നവീകരണത്തിന് പണം നല്‍കിയത് യു.എ.ഇ ആണെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ഔദ്യോഗിക വസതിയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്ന ഇഡിയോട് വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലായിരുന്നു. സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണ്. കോണ്‍സുലേറ്റിൽ ജോലി ചെയ്യുമ്പോൾ മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന മൊഴിയുടെ പിന്നാലെയാണ് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന
തരത്തിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ പുതിയ മൊഴി ഉണ്ടായിരിക്കുന്നത്. ശിവശങ്കറിനെ പരിചയപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ വസതിയില്‍വച്ചായിരുന്നു എന്നാണു സ്വപ്ന മറുപടി നൽകിയിരിക്കുന്നത്. കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയായിരിക്കെയാണ് സ്വപ്ന, എം.ശിവശങ്കറുമായി പരിചയത്തിലാവുന്നത്.
2017ല്‍ മുഖമന്ത്രിയുടെ വസതിയില്‍ വച്ച് കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയുമായി നടന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ആ കൂടിക്കാഴ്ച നടക്കുന്നത്. സര്‍ക്കാരും കോണ്‍സുലേറ്റും തമ്മിലുള്ള ആശയവിനിമയത്തിന് എം.ശിവശങ്കറെ ബന്ധപ്പെടാന്‍ അനൗദ്യോഗികമായി മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു വെന്നും, സ്വപ്നയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നു. പിന്നീട് ശിവശങ്കര്‍ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.