അഴിമതി ആരോപണം; അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി ഇന്ന് വിധി പറയും. പരംബീർ സിംഗിന്റെ ഹർജി നിലനിൽക്കുമോയെന്നതിലാണ് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത്.
റസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ, പാർലറുകൾ എന്നിവയിൽ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നൽകാൻ മന്ത്രി പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീർ ഹർജിയിൽ ആരോപിക്കുന്നു.പൊലീസ് വകുപ്പിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ പകൽക്കൊള്ളയും പിടിച്ചുപറിയുമാണ് നടക്കുന്നത്.
ഇതുകൂടാതെ സംസ്ഥാനത്തെ പ്രമാദമായ പല കേസുകളിലും മന്ത്രി വഴിവിട്ടു ഇടപെടുന്നതായും ആരോപമുണ്ട്. അംബാനി കേസിൽ പുറത്താക്കിയ സച്ചിൻ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.