പെരിയ ഇരട്ടക്കൊല കേസിൽ, സിബിഐ അന്വേഷണ സംഘത്തിന് ക്യാംപ് ഓഫീസടക്കം ആവശ്യപ്പെട്ട സൗകര്യങ്ങൾ സര്‍ക്കാര്‍ നൽകുന്നില്ല.

കാസര്‍ഗോഡ് / കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ സർക്കാരിന്റെ ഹർജി തള്ളിയതോടെ സിബിഐ അന്വേഷണവുമായി മുന്നോട്ടു പോകുമ്പോഴും സി ബി ഐ യോട് സർക്കാർ സഹകരിക്കുന്നില്ല. അന്വേഷണ സംഘത്തിന് ക്യാംപ് ഓഫീസടക്കം ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കല്യോട്ടെ സംഭവ സ്ഥലം സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദർശിക്കുന്നുണ്ട്. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങളുടെ മൊഴികൾ സി ബി ഐ എടുക്കും. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിവരെ പോയി തോറ്റുവന്ന സർക്കാർ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് സിബിഐ അന്യേഷണത്തിനെതിരെ സുപ്രീംകോടതികൂടി, സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് കേസ് ഫയലുകള്‍ കൈമാറാന്‍ തയ്യാറാവുന്നത്. ഇപ്പോഴാവട്ടെ അന്വേഷണ സംഘത്തിന് ക്യാമ്പ് ഓഫീസിൽ പോലും ഒരുക്കി നൽകുന്ന കാര്യത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണ്.